സന്ദര്‍ശകർക്ക് ഇന്നു മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം
സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തുന്നവർക്ക് ഇന്നുമുതൽ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. അതേസമയം, ജി.സി.സി രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് ഈ നിബന്ധന ബാധകമല്ലെന്ന് ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്ലമാനി അൽ റയ്യാൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
50 റിയാൽ (1124 ഇന്ത്യൻ രൂപ) ആണ് ഒരു മാസത്തെ ഏറ്റവും കുറഞ്ഞ പ്രീമിയം. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് വിസ അനുവദിക്കില്ല. അടിയന്തര, അപകട സേവനങ്ങള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍ക്കൊള്ളുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ക്കൂടുതല്‍ കവറേജ് വേണ്ടവര്‍ക്ക് ഉയര്‍ന്ന തുകയ്ക്കുള്ള പോളിസി എടുക്കാം. പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള പോളിസികൾ മാത്രമേ അനുവദിക്കൂ.
വിസ എടുക്കുന്ന സമയത്ത് തന്നെ ഇൻഷുറൻസ് പോളിസിയും എടുക്കണം. വിസ നീട്ടുന്നതനുസരിച്ച് വീണ്ടും പ്രീമിയം അടയ്ക്കണം. രാജ്യത്ത് ഘട്ടംഘട്ടമായി ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്.