ഇന്ത്യൻ സ്കൂൾ പ്രവേശനം; ഓൺലൈൻ രജിസ്ട്രേഷൻ ഒന്നുമുതൽ
ഒമാനിൽ അടുത്ത അധ്യയനവർഷത്തെ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നുമുതൽ തുടങ്ങും. ഇന്ത്യൻ സ്കൂൾ ഡയറക്ടർബോർഡിന് കീഴിൽ തലസ്ഥാന നഗരിയിലെയും പരിസര പ്രദേശങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓൺലൈനിലൂടെ നടക്കുക.
ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്. 2023 ഏപ്രിൽ ഒന്നിന് മൂന്നു വയസ്സ് പൂർത്തിയായ കുട്ടികൾക്കായിരിക്കും കിന്റർഗാർട്ടൻ പ്രവേശനത്തിന് അർഹതയുണ്ടാകുക. റസിഡന്റ് വിസയുള്ള ഇന്ത്യയിലെയും മറ്റു പ്രവാസി സമൂഹങ്ങളിലെയും കുട്ടികൾക്കും പ്രവേശനം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യക്കാരല്ലാത്ത മറ്റു പ്രവാസികളുടെ മക്കൾക്ക് ലഭ്യതക്കനുസരിച്ച് മാർച്ച് ആദ്യവാരത്തിൽ സീറ്റ് നൽകും.
മസ്കത്ത്, ദാർസൈത്ത്, വാദികബീർ, സീബ്, ഗൂബ്ര, മബേല, ബൗശർ ഇന്ത്യൻ സ്കൂളുകളിലേക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമുള്ളത്. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനം ഇന്ത്യൻ സ്കൂൾ മസ്കത്ത് പരിസരത്ത് സ്ഥിതിചെയ്യുന്ന കെയർ ആൻഡ് സ്പെഷൽ എജുക്കേഷനിൽ (സി.എസ്.ഇ) ലഭ്യമാണ്. പ്രവേശനത്തിനായി രക്ഷിതാക്കൾക്ക് നേരിട്ട് സി.എസ്.ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം. വെബ്സൈറ്റ്: www.cseoman.com. അഡ്മിഷൻ നടപടികൾ പൂർണമായും ഓൺലൈനിലൂടെയാണ് നടക്കുന്നത്. രേഖകൾ സമർപ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കൾ സ്കൂൾ സന്ദർശിക്കേണ്ടതില്ലെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു.