റിപ്പബ്ലിക് ദിനം: സംസ്ഥാനതല ആഘോഷം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍
റിപ്പബ്ലിക് ദിന സംസ്ഥാനതല പരിപാടികൾ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒൻപതിന് ഗവര്‍ണര്‍ ദേശീയപതാക ഉയര്‍ത്തും. വിവിധ സേനാ വിഭാഗങ്ങളുടേയും അശ്വാരൂഢ സേന, സംസ്ഥാന പൊലീസ്, എന്‍.സി.സി, സ്കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടേയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും. ഭാരതീയ വായു സേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും.
11 സായുധ ഘടകങ്ങളും 10 സായുധേതര ഘടകങ്ങളും സിറ്റി പൊലീസിന്റെ നേതൃത്വത്തിലുള്ള അശ്വാരൂഢ സേനയും റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കും. കരസേന ഇന്‍ഫന്ററി ബ്രിഗേഡ് എച്ച്.ക്യു 91 മേജര്‍ ആനന്ദ് സി.എസ്. ആണ് പരേഡ് കമാന്‍ഡര്‍. വ്യോമസേന സതേണ്‍ എയര്‍ കമാന്‍ഡ് കമ്യൂണിക്കേഷന്‍ ഫ്ളൈറ്റ് സ്ക്വാഡ്രന്‍ ലീഡര്‍ പ്രതീഷ് കുമാര്‍ ശര്‍മ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ആകും.
കരസേന, വ്യോമസേന, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, കര്‍ണാടക സ്റ്റേറ്റ് പൊലീസ് നാലാം ബെറ്റാലിയന്(വനിതകള്‍), മലബാര്‍ സ്പെഷ്യല്‍ പൊലീസ്, കേരള ആംഡ് വനിതാ പൊലീസ് ബെറ്റാലിയന്, ഇന്ത്യ റിസര്‍വ് ബെറ്റാലിയന്, തിരുവനന്തപുരം സിറ്റി പൊലീസ്, കേരള പ്രിസണ്‍ വകുപ്പ്, കേരള എക്സൈസ് വകുപ്പ് എന്നിവിടങ്ങളില്‍നിന്നുള്ള ഓരോ പ്ലാറ്റൂണ്‍ വീതമാണു സായുധ സേനാ ഘടകങ്ങളില്‍ അണിനിരക്കുന്നത്.
കേരള അഗ്നിരക്ഷാ സേന, വനം വകുപ്പ്(വനിതകള്‍), എന്‍.സി.സിയുടെ സീനിയര്‍ ഡിവിഷന് ആണ്‍കുട്ടികള്‍, സീനിയര്‍ വിങ് പെണ്‍കുട്ടികള്‍, സീനിയര്‍ ഡിവിഷന് എയര്‍ സ്ക്വാഡ്രണ്‍, സീനിയര്‍ ഡിവിഷന് നേവല്‍ യൂണിറ്റ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, ഭാരത് സ്കൗട്ട്സ്, ഗൈഡ്സ് എന്നിവര്‍ സായുധേതര ഘടക വിഭാഗത്തില്‍ അണനിരക്കും. കരസേനയുടേയും തിരുവനന്തപുരം സിറ്റി പൊലീസിന്റെയും ആംഡ് പൊലീസ് ബെറ്റാലിയന്റെയും ബാന്‍ഡുകളും പരേഡിലുണ്ടാകും. പരേഡിനു ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അഭ്യര്‍ഥിച്ചു.