കേരളവുമായി സഹകരിക്കാൻ ഫിൻലാൻഡ് വിദ്യാഭ്യാസ വകുപ്പ്

 കേരളവുമായി സഹകരിക്കാൻ ഫിൻലാൻഡ് വിദ്യാഭ്യാസ വകുപ്പ്

കേരള സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളിൽ അക്കാദമി സഹകരണ വാഗ്ദാനവുമായി ഫിന്നിഷ് വിദ്യാഭ്യാസ സംഘം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികളിലാണ് പരസ്പര സഹകരണത്തോടെ നവീന ആശയങ്ങൾ നടപ്പിലാക്കുക. ലോക വിദ്യാഭ്യാസ സൂചികയിൽ അക്കാദമിക നിലവാര റാങ്കിംഗിൽ ഒന്നാമതായി നിൽക്കുന്ന ഫിൻലൻഡ് സംഘവുമായി മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർ കഴിഞ്ഞ ഡിസംബറിൽ ചർച്ചകൾ നടത്തിയിരുന്നു. ‌

ഇതിന്റെ തുടർ പ്രവർത്തനമായാണ് രണ്ടാമത്തെ സംഘം എത്തിയിരിക്കുന്നത്. അധ്യാപകർക്ക് നൽകിവരുന്ന പരിശീലനം, ശൈശവകാല വിദ്യാഭ്യാസ മാതൃകകൾ, ശാസ്ത്രം, ഗണിതം, അക്കാദമിക നിലവാരം ഉയർത്തുന്ന പാഠ്യപദ്ധതി പ്രവർത്തനങ്ങൾ, പ്രീ-പ്രൈമറി വിദ്യാഭ്യാസം എന്നിവയിലാകും ആദ്യഘട്ട സഹകരണം ഉറപ്പാക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ സെമിനാറിൽ ഫിൻലാൻഡ് വിദ്യാഭ്യാസ മേഖലയിലെ ഉന്നതസംഘം പങ്കെടുത്തു. ഫിന്നിഷ് നാഷണൽ എഡ്യൂക്കേഷൻ ബോർഡ് നടപ്പിലാക്കി വരുന്ന നിരവധി മാതൃകകൾ കേരള മോഡൽ പ്രവർത്തനങ്ങളുടേതിന് സമാനമാണെന്ന് അവർ അഭിപ്രായപ്പെട്ടു.