പ്രവാസി ലോണ്‍മേള : വയനാട്ടിൽ
വയനാട് ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോര്‍ക്ക റൂട്ട്സും കേരളബാങ്കും സംയുക്തമായി ലോണ്‍മേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം ) പദ്ധതി പ്രകാരമാണ് ലോണ്‍ മേള. ജനുവരി 30 കൽപ്പറ്റയിൽ കേരള ബാങ്കിൻറെ സിപിസി കോൺഫറൻസ് ഹാളിലാണ് മേള സംഘടിപ്പിക്കുന്നത്.
പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസി സംരംഭകര്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്ബ്‌സൈറ്റായ www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
വായ്പാ മേളയില്‍ പങ്കെടുക്കാനെത്തുന്ന സംരംഭകര്‍ ആധാര്‍, പാന്‍ കാര്‍ഡ്, പാസ്സ്‌പോര്‍ട്ട്, വോട്ടര്‍ ഐ.ഡി എന്നിവയും പാസ്സ്‌പോര്‍ട്ട് സൈസ്സ് ഫോട്ടോയും. സംരംഭം തുടങ്ങുന്ന കെട്ടിടത്തിന്റെയോ, കടയുടെയോ വാടക, പാട്ടകരാറിന്റെ കോപ്പി. കോര്‍പ്പറേഷന്‍ അല്ലെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ലൈസന്‍സ്, ഉദ്യം രജിസ്‌ട്രേഷന്‍, ജി.എസ്.ടി സര്‍ട്ടിഫിക്കറ്റ് ( ലഭ്യമായിട്ടുണ്ടെങ്കില്‍) , സംരംഭത്തിനായി ഉപകരണങ്ങളോ വാഹനങ്ങളോ വാങ്ങിയിട്ടുണ്ടെങ്കില്‍ അവയുടെ നികുതി രശീതോ, കൊട്ടേഷനോ . പദ്ധതിയുടെ രൂപരേഖ അല്ലെങ്കില്‍ വിശദാംശങ്ങള്‍ എന്നിവയും കരുതേണ്ടതാണ്.
പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി. ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.
തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴിലോ, ബിസ്സിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും, നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോര്‍ക്ക റൂട്ട്‌സ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി. NDPREM പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകള്‍ വഴി ലഭ്യമാണ്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.