ഹോക്കി ലോകകപ്പ്: ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ
പുരുഷ ഹോക്കി ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ക്രോസ് ഓവർ പോരാട്ടത്തിൽ ന്യൂസിലൻഡാണ് എതിരാളികൾ. വൈകിട്ട് ഏഴിന് ഭുവനേശ്വറിലാണ് മത്സരം. ഗ്രൂപ്പ് ഡിയിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായതോടെയാണ് ഇന്ത്യക്ക് ക്വാർട്ടറിലെത്താൻ ക്രോസ് ഓവർ മത്സരം കളിക്കേണ്ടിവന്നത്. ഇന്ത്യ, ന്യൂസിലൻഡ് ജേതാക്കൾ ക്വാർട്ടറിൽ ചൊവ്വാഴ്ച നിലവിലെ ചാമ്പ്യൻമാരായ ബെൽജിയത്തെ നേരിടും. ലോക റാങ്കിംഗിൽ ഇന്ത്യ ആറും ന്യൂസിലൻഡ് പന്ത്രണ്ടും സ്ഥാനത്താണ്.
ന്യൂസിലന്‍ഡിന് മേല്‍ ഇന്ത്യക്ക് മുന്‍കൈയുണ്ട് എന്നാണ് വിലയിരുത്തല്‍. നവംബറിൽ അവസാനം ഏറ്റുമുട്ടിയ രണ്ട് കളിയിലും ഇന്ത്യക്കായിരുന്നു ജയം. ഇരുടീമും 44 മത്സരങ്ങളിൽ ആകെ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ 24ലും ന്യൂസിലൻഡ് 15 കളിയിലും ജയിച്ചു. അഞ്ച് കളി മാത്രമേ സമനിലയിൽ അവസാനിച്ചിട്ടുള്ളൂ.