ബേപ്പൂർ സുൽത്താന് ഇന്ന് നൂറ്റിപ്പതിനഞ്ചാം ജന്മവാർഷികം

 ബേപ്പൂർ സുൽത്താന് ഇന്ന് നൂറ്റിപ്പതിനഞ്ചാം ജന്മവാർഷികം

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ. 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ലയിൽ ജനിച്ചു. 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(അഞ്ചാം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെക്കാണാൻ വീട്ടിൽനിന്ന് ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തുചെന്നു കാളവണ്ടികയറി കോഴിക്കോടെത്തിയ ബഷീർ, സ്വാതന്ത്ര്യസമരരംഗത്തേക്ക്‌ കടന്നു. 1930-ൽ കോഴിക്കോടുവച്ച്, ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദസംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാലകൃതികൾ. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്നദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേവർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു.

ഏകദേശം ഒമ്പതു വർഷത്തോളംനീണ്ട ഈ യാത്രയിൽ, അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യജീവിതത്തിന്റെ എല്ലാവശങ്ങളും – തീവ്രദാരിദ്ര്യവും, മനുഷ്യദുരയും നേരിട്ടുകണ്ടു. ബഷീറിന്റെ ജീവിതംതന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യമെന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരംനടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകംചുറ്റുന്നതിനിടയിൽക്കണ്ടെത്തിയ ഒട്ടേറെ ജീവിതസത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽക്കാണാം.

പദ്മനാഭ പൈ പത്രാധിപരായിരുന്ന “ജയകേസരി”യിൽ പ്രസിദ്ധീകരിച്ച എന്റെ തങ്കം ആണ് ആദ്യം പ്രസിദ്ധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലിതരാൻ നിവൃത്തിയില്ലെന്നും കഥയെഴുതിത്തന്നാൽ പ്രതിഫലംതരാമെന്നുമുള്ള മറുപടികേട്ട ബഷീർ ഗത്യന്തരമില്ലാതെ, ഒരു കഥയെഴുതുകയായിരുന്നു. കറുത്തിരുണ്ടു വിരൂപയായ നായികയേയും, ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകൻ നായകനേയും പ്രധാനകഥാപാത്രങ്ങളാക്കി അന്നെഴുതിയ കഥയാണ്, എന്റെ തങ്കം. ബഷീറിന്റെ ആദ്യത്തെ നോവലാണ് പ്രേമലേഖനം.

സാമാന്യമായി മലയാളഭാഷയറിയാവുന്ന ആർക്കും ബഷീർസാഹിത്യം വഴങ്ങും. വളരെക്കുറച്ചുമാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർസാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെച്ചിരിപ്പിച്ചു, കൂടെ, കരയിപ്പിക്കുകയുംചെയ്തു. മുസ്‌ലിംസമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, 50-ആം വയസ്സിൽ. ഫാത്തിമ ബീവി ഭാര്യ. അനീസ്, ഷാഹിന എന്നിവരാണ് മക്കൾ. 1994 ജൂലൈ 5-ന് ബഷീർ കോഴിക്കോട് ബേപ്പൂരിൽ വെച്ച് മരണമടഞ്ഞു.

ബഷീറിന്റെ കൃതികൾ :- പ്രേമലേഖനം (നോവൽ), സർപ്പയജ്ഞം (നോവൽ) , ബാല്യകാലസഖി (നോവൽ – സിനിമയാക്കി), ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും (നോവൽ) , പാത്തുമ്മായുടെ ആട് (നോവൽ) , മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്നപേരിൽ സിനിമയാക്കി) , ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) ,ശബ്ദങ്ങൾ (നോവൽ) ,അനുരാഗത്തിന്റെ ദിനങ്ങൾ (ഡയറി; “കാമുകൻ്റെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) , സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ), വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ), ഭാർഗ്ഗവീനിലയം (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽനിന്ന്), കഥാബീജം (നാടകത്തിന്റെ തിരക്കഥ) , ജന്മദിനം (ചെറുകഥകൾ), ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) ,അനർഘനിമിഷം (ലേഖനങ്ങൾ), വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ), തുടങ്ങിയ അനവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. മാത്രമല്ല, ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കാലിക്കറ്റ് സർവ്വകലാശാലയുടെ ‘ഡോക്ടർ ഓഫ് ലെറ്റേഴ്സ്’ ബിരുദം, സംസ്കാരദീപം അവാർഡ്, പ്രേംനസീർ അവാർഡ്, ലളിതാംബിക അന്തർജ്ജനം അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്കാരം‌ എന്നീ ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.