ഏറ്റവും സുരക്ഷിത രാജ്യം ; ഖത്തർ

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന പദവി വീണ്ടും ഖത്തറിന്. ഏറ്റവും പുതിയ നംബിയോ ക്രൈം ഇൻഡെക്‌സ് കൺട്രി 2023 ലിസ്റ്റ് പ്രകാരമാണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാം സ്ഥാനം നിലനിർത്തിയത്. 2017ൽ ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു ഖത്തർ. 2018ൽ ഈ സ്ഥാനം ജപ്പാൻ സ്വന്തമാക്കി. 2019ൽ ജപ്പാനിൽനിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ശേഷം കഴിഞ്ഞ അഞ്ചു വർഷവും സൂചികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഖത്തർ. പുതിയ റാങ്കിങ് അനുസരിച്ച്, ഖത്തറിന്റെ കുറ്റകൃത്യ സൂചിക 14.8 ആണ്. കഴിഞ്ഞ വർഷം ഇത് 13.8 ആയിരുന്നു. രാജ്യത്തിന്റെ സുരക്ഷ സൂചിക 85.2 ആണ് പുതിയ റാങ്കിങ്ങിൽ. മുൻ വർഷം ഇത് 86.22 ആയിരുന്നു.

142 രാജ്യങ്ങളിൽ സർവേ നടത്തിയപ്പോൾ നാലു ഗൾഫ് രാജ്യങ്ങൾ ആദ്യ പത്തിൽ ഇടം നേടി. ഖത്തറിന് തൊട്ടുപിന്നിൽ യു.എ.ഇ രണ്ടാം സ്ഥാനം നേടി. ഒമാൻ അഞ്ചും ബഹ്‌റൈൻ പത്തും സ്ഥാനങ്ങളിലാണ്. തായ്‌വാൻ (മൂന്ന്), ഐൽ ഓഫ് മാൻ (നാല്), ഹോങ്കോങ് (ആറ്), അർമേനിയ (ഏഴ്), ജപ്പാൻ (എട്ട്), സ്വിറ്റ്‌സർലൻഡ് (ഒമ്പത്) എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റു രാജ്യങ്ങൾ. സ്ലൊവീനിയ, സൗദി അറേബ്യ, മൊണാക്കോ, ക്രൊയേഷ്യ, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങൾ യഥാക്രമം 11 മുതൽ 15 വരെ സ്ഥാനങ്ങളിലുണ്ട്.