ആദിവാസി ഊരുകളിലെ യുവാക്കൾക്ക് ഫുട്ബോൾ പരിശീലനം

 ആദിവാസി ഊരുകളിലെ യുവാക്കൾക്ക് ഫുട്ബോൾ പരിശീലനം

മണയൻകിണർ, ഒളകര ആദിവാസി ഊരുകളിലെ യുവാക്കൾക്ക് ഫുട്ബോൾ പരിശീലനവുമായി പീച്ചി വന്യജീവി വിഭാഗം. ‘കാൽത്തളിർ’ എന്ന പേരിട്ടിരിക്കുന്ന പരിശീലന പരിപാടി വഴി രണ്ട് ആദിവാസി കോളനികളിൽ നിന്നുമായി മുപ്പത്തിഅഞ്ചോളം പേർക്കാണ് ഫുട്ബോൾ പരിശീലനം നൽകുന്നത്.

ആദിവാസി യുവാക്കളുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക, മദ്യം- മയക്കുമരുന്ന് ലഹരികളിൽ അടിമപ്പെടാതെ നോക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കൊണ്ട് പീച്ചി ഫോറസ്റ്റ് ഡെവലപ്മെൻ്റ് ഏജൻസിയാണ് പരിശീലന പരിപാടി വിഭാവനം ചെയ്തു നടപ്പിൽവരുത്തുന്നത്. കളിക്കാർക്ക് ഫുട്ബോൾ കിറ്റ് സൗജന്യമായി നൽകി. തുടർ വിദഗ്ധ പരിശീലനത്തിൻ്റെ ചിലവ് പീച്ചി എഫ്ഡിഎ വഹിക്കും.

കണ്ണമ്പ്ര പഞ്ചായത്ത് ടർഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പീച്ചി വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരം സി കെ വിനീത് ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം റിനോ ആന്റോ വിശിഷ്ടാതിഥിയായി. പരിശീലന വേളയിൽ പ്രതിഭ തെളിയിക്കുന്ന യുവാക്കൾക്ക് തൻ്റെ നേതൃത്വത്തിൽ ആരംഭിച്ച F13 അക്കാദമി വഴി സൗജന്യ പരിശീലനം ഉറപ്പാക്കുമെന്ന് പരിപാടിയുടെ സി കെ വിനീത് ഉറപ്പ് നൽകി.