മധുരനാരങ്ങയുടെ മേളക്ക് തുടക്കം
പലതരം പഴവർഗങ്ങളുടെ പറുദീസയായ സൗദിയിലെ ഹരീഖിൽ മധുരനാരങ്ങയുടെ മേളക്ക് തുടക്കം. ഏഴാമത് ഓറഞ്ചുത്സവത്തിനാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ഹരീഖ് പട്ടണത്തിലെ ഈദ് ഗാഹിനോട് ചേർന്നുള്ള മുനിസിപ്പാലിറ്റിയുടെ മേളനഗരിയിൽ തുടക്കം കുറിച്ചിരിക്കുന്നത്. വിവിധയിനം ഓറഞ്ചും മുസംബിയും മാത്രമല്ല ഈത്തപ്പഴവും അത്തിപ്പഴവും തേനും അനുബന്ധ ഉൽപന്നങ്ങളും ഈ കാർഷിക മേളയിൽ അണിനിരന്നിട്ടുണ്ട്.
വർഷംതോറുമുള്ള മേള റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസിന്റെ രക്ഷാകർതൃത്വത്തിൻ കീഴിലാണ് നടക്കുന്നത്. ഹരീഖ് ഗവർണറേറ്റും റിയാദ് ചേമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജ് ജനറൽ അതോറിറ്റിയുമാണ് സംഘാടകർ. ഹരീഖ് അമീറും ടൂറിസം ഡവലപ്മെൻറ് കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ നാസർ അൽജബ്ര മേള ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ഗവൺമെൻറ് പുലർത്തുന്ന താൽപര്യത്തിന്റെ നിദർശനമാണ് ഇത്തരം ഫെസ്റ്റിവലുകളെന്ന് കാർഷിക മന്ത്രാലയം ഡയറക്ടർ ജനറൽ എൻജി. ഖാലിദ് അൽസനാ പറഞ്ഞു. പ്രദേശിക കൃഷിക്കാരെയും ഉദ്പാദകരെയും പ്രോത്സാഹിപ്പിക്കുന്നതിനും അവരെ ശക്തിപ്പെടുത്തുന്നതിനും മേളകൾ വലിയ പങ്കാണ് വഹിക്കുന്നത്. സീസണലായി മാത്രം വിളയുന്ന ഒരു പഴവർഗത്തെ ഒരു ദേശീയ ഉൽപന്നമായി ഉയർത്തികാട്ടുന്നതിനും ഒപ്പം സാമ്പത്തിക, ടൂറിസം രംഗങ്ങളുടെ അഭിവൃദ്ധിക്കും ഓറഞ്ചുത്സവം തനതായ സംഭാവന അർപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത ബുധനാഴ്ച വരെ തുടരുന്ന മേള എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെയാണ്. പ്രദർശനവും വിൽപനയുമാണ് ഇവിടെ നടക്കുന്നത്. ഓറഞ്ചിെൻറ വ്യത്യസ്ത ഇനങ്ങളുടെ 46 പവിലിയനുകളാണ് മേള നഗരിയിലുള്ളത്. ഈത്തപ്പഴത്തിെൻറ 12 പവിലിയനുകളും തേനുൽപന്നങ്ങളുടെ 22 പവിലിയനുകളും അത്തിപ്പഴം, ഒലിവ്, മറ്റ് പഴവർഗങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ വേറെ ഒട്ടേറെ സ്റ്റാളുകളും ഉണ്ട്. ഇതിന് പുറമെ ഭക്ഷണശാലകളും കഫേകളും ഗഹ്വയും ഈത്തപ്പഴവും കഴിച്ച് വിശ്രമിക്കാനുള്ള ഹാളുകളും വിവിധ വിനോദപരിപാടികളും ഓറഞ്ചിന്റെയും അത്തിയുടെയും മറ്റും തൈകൾ പ്രദർശനത്തിനും വിൽപനക്കുംവെച്ച നഴ്സറി പവിലിയനുകളും വിപുലമായി ഒരുക്കിയിട്ടുണ്ട്. ഹരീഖിെൻറ കാർഷിക ചരിത്രം പറയുന്ന പവിലിയനും കൂട്ടത്തിലുണ്ട്.