കളമശ്ശേരിയിൽ 500 കിലോ പഴയ ഇറച്ചി പിടികൂടി

 കളമശ്ശേരിയിൽ 500 കിലോ പഴയ ഇറച്ചി പിടികൂടി

കളമശേരിയിൽ വൻ ഇറച്ചി വേട്ട. നഗരത്തിലെ വിവിധ ചെറുകിട ഹോട്ടലുകൾക്കും തട്ടുകടകൾക്കും ഷവർമ, അൽഫാം ആവശ്യങ്ങൾക്കായി മാംസം വിതരണം ചെയ്തിരുന്ന കേന്ദ്രീകൃത അടുക്കളയിൽ നിന്നാണ് അഴുകിയ മാസം പിടിച്ചെടുത്തത്. കൈപ്പടമുകളിൽ ഒരു പുരയിടത്തിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ ഫ്രീസറുകളിൽ മാംസം സൂക്ഷിച്ചിരുന്നത്. കെട്ടിടത്തിനു പുറത്തു തെങ്ങിൻ ചുവട്ടിൽ വരെ ഫ്രീസറുകൾ വച്ചാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

ഇവിടെനിന്നു മലിനമായ വെള്ളം പുറത്തേക്ക് ഒഴുകുകയും രൂക്ഷ ഗന്ധം ഉയരുകയും ചെയ്തതോടെ നാട്ടുകാർ നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിൽ 500 കിലോയിലേറെ മാംസം അഴുകിയ നിലയിൽ കണ്ടെത്തി. 150 കിലോ പഴകിയ എണ്ണയും കണ്ടെത്തി. ഇത് ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ കേന്ദ്രത്തിലേക്കു കൊണ്ടു പോയിട്ടുണ്ട്.

പാലക്കാട് മണ്ണാർകാട് ഒതുക്കുംപുറത്തു ജുനൈസിന്റെ ഉടമസ്ഥതയുള്ളതാണ് സ്ഥാപനം. ഷവർമയും മറ്റും ഉണ്ടാക്കുന്ന ഉപകരണങ്ങളും ഇവിടെനിന്നു പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏതാനും ഹോട്ടലുകൾ ഇവിടെനിന്നു നൽകിയ മാസം നിഷേധിച്ചതായും പറയുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്നു കോഴി ഫാമുകളിലെ ചത്ത കോഴിയെ ശേഖരിച്ചു മാംസം തയാറാക്കി ട്രെയിൻ വഴി എത്തിച്ചു സൂക്ഷിച്ചിരുന്ന കേന്ദ്രമാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്. വളരെ കുറഞ്ഞ വിലയ്ക്കാണ് ഇവിടെനിന്നു ഷവർമയ്ക്കായും മറ്റും കടകളിലേക്ക് ഇറച്ചി വിതരണം ചെയ്തിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.