എന്താണ് പൂച്ചപ്പുലി
ഏഷ്യയിൽ കാണപ്പെടുന്ന ഒരിനം കാട്ടുപൂച്ചയാണ് പുലിപ്പൂച്ച അഥവാ പൂച്ചപ്പുലി. ഈ പൂച്ചയുടെ പന്ത്രണ്ടോളം സബ്സ്പീഷീസുകളെ കണ്ടുവരുന്നു. ശരീരത്തിൽ പുള്ളിപ്പുലിയുടെ പോലയുള്ള പുള്ളികൾ ഉള്ളതിനാലാണ് പുലിപ്പൂച്ച എന്ന പേരുവന്നത്. കേരളത്തിലും ഇവയെ സാധാരണമായി കണ്ടുവരുന്നു. വീട്ടിൽ വളർത്തുന്ന പൂച്ചയുടെ വലിപ്പം തന്നെയാണ് പുലിപ്പൂച്ചക്കും ഉള്ളത്. കാലുകൾക്ക് അല്പം നീളം കൂടുതലാണ്. സാധാരണ പൂച്ചകളെപ്പോലെ തന്നെ നിറഭേദങ്ങൾ കണ്ടുവരുന്നുണ്ട്. അര കിലോഗ്രാം മുതൽ മൂന്ന് കിലോഗ്രാം വരെ ഭാരം ഉണ്ടാകും. 38 സെ.മീ. മുതൽ 66 സെ.മി. വരെ നീളവും കാണാം. വടക്കേ ചൈനയിലും സൈബീരിയയിലും ഉള്ള പൂച്ചപ്പുലികൾ 7 കിലോഗ്രാം വരെ ഭാരമുണ്ടാകാറുണ്ട്.
ഏഷ്യയിൽ മിക്കയിടങ്ങളിലും ഇവയെ കാണാം. കൊറിയ, ചൈന, ഇന്ത്യൻ ഉപഭൂഖണ്ഡം തുടങ്ങിയയിടങ്ങളിലെല്ലാം ഇവയുടെ സാന്നിദ്ധ്യമുണ്ട്. കൃഷി ചെയ്യുന്നിടങ്ങളിൽ കാണപ്പെടാറുണ്ടെങ്കിലും കൂടുതലായും കാടുകൾ ഇഷ്ടപ്പെടുന്നവരാണ് പൂച്ചപ്പുലികൾ. ഹിമാലയിത്തിലെ ഒരു കിലോമീറ്റർ ഉയരമുള്ള മലനിരകളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഒറ്റയ്ക്കു ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പുലിപ്പൂച്ചകൾ. ഇണചേരുന്ന കാലത്തു മാത്രമാണ് ഇവ മറ്റു പുലിപ്പൂച്ചകളുമായി ബന്ധം സ്ഥാപിക്കുന്നത്. ചില പൂച്ചകൾ പകൽ ഇരതേടാറുണ്ടെങ്കിലും ഭൂരിഭാഗവും രാത്രി ഇര തേടാൻ ഇഷ്ടപ്പെടുന്നവരാണ്.