വിജയ് അജിത്ത് ആരാധകര്‍ ഏറ്റുമുട്ടി
ചെന്നൈയിലെ സിനിമ തീയറ്ററിന് മുന്നില്‍ വിജയ് അജിത്ത് ആരാധകര്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ അടക്കം നശിപ്പിച്ചു. ഇന്ന് റിലീസായ അജിത്തിന്റെയും വിജയിയുടെ ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത് എന്നാണ് വിവരം.
എഎന്‍ഐ ട്വീറ്റ് ചെയ്ത ഒരു വീഡിയോയില്‍ സിനിമ തീയറ്ററിന് പുറത്തുള്ള ഫ്ലെക്സ് ഹോർഡിംഗുകൾ കീറുകയും, ചിലതിന് മുകളില്‍ ആളുകള്‍ കയറി അവഇളക്കാന് ശ്രമിക്കുന്നതും കാണാം. പൊലീസ് ലാത്തി വീശിയാണ് ഇരുകൂട്ടരെയും ഓടിച്ചതും, സംഭവം ശാന്തമാക്കിയത് എന്നുമാണ് റിപ്പോര്‍ട്ട്. തമിഴ്നാടിന്റെ പലഭാഗത്തും സമാനമായ സംഭവങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്.
9 വർഷത്തിന് ശേഷമാണ് അജിത്തിന്റെയും വിജയിയുടെയും ചിത്രം ഒന്നിച്ച് റിലീസ് ആകുന്നത്. അതേ സമയം അജിത്തിന്റെ തുനിവിനും, വിജയ് നായകനാകുന്ന വാരിസിനും വലിയ വരവേല്‍പ്പാണ് തീയറ്ററുകളില്‍ ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത് എന്നാണ് വിവരം. ഫാന്‍സ് പ്രിമീയര്‍ ഷോകള്‍ കഴിഞ്ഞതോടെ വലിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.