ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ സംസ്കാരം ഇന്ന്
എമരിറ്റസ് മാർപാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്കാരച്ചടങ്ങുകൾ വ്യാഴാഴ്ച ഇന്ത്യൻ സമയം രണ്ടിന് ആരംഭിക്കും. അന്ത്യകർമ ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനക്കും ഫ്രാൻസിസ് മാർപാപ്പ കാർമികത്വം വഹിക്കും. ബുധനാഴ്ച വത്തിക്കാൻ ഉദ്യോഗസ്ഥർ മൃതദേഹം സൈപ്രസ് മരത്തിൽ നിർമിച്ച പെട്ടിയിലേക്ക് മാറ്റി. മാർപാപ്പയെപ്പറ്റിയുള്ള ഹ്രസ്വമായ ഔദ്യോഗിക കുറിപ്പ്, അദ്ദേഹം മാർപാപ്പയായിരുന്ന കാലത്ത് അച്ചടിച്ച നാണയങ്ങൾ, അധികാരചിഹ്നമായ പാലിയം തുടങ്ങിയവ പെട്ടിയിൽ നിക്ഷേപിച്ചു.
സംസ്കാരച്ചടങ്ങുകൾക്കുശേഷം ഭൗതികാവശിഷ്ടങ്ങൾ ബസിലിക്കയിലേക്ക് തിരികെ കൊണ്ടുപോകും. തുടർന്ന് പെട്ടി മറ്റൊരു സിങ്ക് പെട്ടിക്കുള്ളിലാക്കും. പിന്നീട് ആ പെട്ടി ഓക്കുമരം കൊണ്ട് നിർമിച്ച മറ്റൊന്നിന്റെ ഉള്ളിലാക്കും. എമരിറ്റസ് മാർപാപ്പയുടെ ആഗ്രഹമനുസരിച്ച്, ഭൗതികാവശിഷ്ടങ്ങൾ ബസിലിക്കയുടെ താഴെയുള്ള ഗ്രോട്ടോയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ശവകുടീരത്തിൽ സ്ഥാപിക്കും. ബുധനാഴ്ച പോൾ ആറാമൻ ഓഡിറ്റോറിയത്തിൽ തന്റെ പ്രതിവാര മതബോധന പ്രസംഗത്തിനായി എത്തിയ ഫ്രാൻസിസ് മാർപാപ്പ, ബെനഡിക്ട് പതിനാറാമനെ അനുസ്മരിച്ചു. നിരവധി രാഷ്ട്രത്തലവന്മാർ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും.