സൂക്ഷിച്ചില്ലെങ്കിൽ സ്കിന്‍ ക്രീമുകള്‍ അപകടം
സൗന്ദര്യം വര്‍ധക വസ്തുക്കള്‍ മരണകാരണമാവുന്നു എന്ന വാര്‍ത്തകള്‍ പുതിയതല്ല, എന്നാല്‍ സ്കിന്‍ ക്രീം തേച്ചാല്‍ പൊള്ളലേറ്റ് മരിക്കുമെന്ന് കേട്ടാല്‍ ഞെട്ടാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഇതു സത്യമാണ് പഠനം തെളിയിച്ചതുമാണ്. കൂടാതെ ഇത്തരത്തില്‍ 15ലേറെ ആളുകള്‍ മരിച്ചിട്ടുണ്ടെന്നും ലണ്ടന്‍ അഗ്നിശമനസേന വെളിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 15 പേര് ഇത്തരത്തില്‍ മരിച്ചുവെന്നാണ് ലണ്ടന്‍ ഫയര്‍ ബ്രിഗേഡിന്റെ കണക്ക്.
പാരാഫിനും പെട്രോളിയം ഘടകങ്ങളും അടങ്ങിയ ക്രീമുകള്‍ മുഖത്തും ശരീരത്തും തേച്ച് കിടന്നുറങ്ങുമ്പോൾ ബെഡ്ഷീറ്റിലും വസ്ത്രങ്ങളിലും അതു പുരണ്ടു പെട്ടെന്നു തീപടരാന് സാധ്യതയുള്ളതായി മാറുന്നുവെന്നാണ് അഗ്നിശമന സേന ചൂണ്ടിക്കാണിക്കുന്നത്. ഉയര്‍ന്ന താപനിലയില്‍ കഴുകിയാലും ഇത്തരം ഘടകങ്ങള്‍ തുണികളില്‍നിന്നു പോകില്ല. ഒടുവില്‍ ഒരു സിഗരറ്റ് വീണാല്‍ പോലും പെട്ടെന്നു തീയാളിപ്പിടിക്കാന്‍ ഇതു കാരണമാകുമെന്നും ഫയര്‍ ബ്രിഗേഡ് മുന്നറിയിപ്പ് നല്കുന്നു.
കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ഏല്‍സ്ഫീല്‍ഡില്‍ ഹില്‍ഡ ബാറ്റണ്‍ എന്ന സ്ത്രീ അബദ്ധത്തില്‍ തീപിടിച്ചു മരിച്ചതിനു കാരണം ഇതായിരുന്നു. സ്ഥിരമായി പുകവലിച്ചിരുന്ന അവര്‍ വര്‍ഷങ്ങളായി സ്കിന്‍ ക്രീം ഉപയോഗിച്ചിരുന്നു. സിഗരറ്റിന്റെ കുറ്റിയില്‍നിന്നു വസ്ത്രങ്ങളിലേക്കു പെട്ടെന്നു തീപടരാന് ഇതുകാരണമാകുകയായിരുന്നു.