ഏലയ്ക്ക ഇട്ട വെള്ളം പതിവായി കുടിച്ചാൽ

 ഏലയ്ക്ക ഇട്ട വെള്ളം പതിവായി കുടിച്ചാൽ

സ്പൈസസ് എല്ലാം തന്നെ ഒരുപാട് ആരോഗ്യഗുണങ്ങളുള്ളവയാണ്. അതിനാലാണ് ഇവ ചേര്‍ത്ത വെള്ളമോ ചായയോ എല്ലാം ആരോഗ്യത്തിന് പലവിധത്തില്‍ ഗുണകരമായി വരുന്നത്. കറുവപ്പട്ട ചായ, ഇഞ്ചിച്ചായ, ഏലയ്ക്ക ചായ, ജീരക വെള്ളം എന്നിവയെല്ലാം ഇത്തരത്തില്‍ ഏറെ വ്യാപകമായി ഉപയോഗിക്കുന്ന പാനീയങ്ങളാണ്.

ഏലയ്ക്കയും പല വിധത്തിലുള്ള ആരോഗ്യഗുണങ്ങളുള്ള സ്പൈസ് തന്നെയാണ്. ഇപ്പോള്‍ ഏലയ്ക്ക ഇട്ട വെള്ളം പതിവായി കുടിക്കുന്നത് കൊണ്ടുള്ള ചില നേട്ടങ്ങളാണ് പങ്കുവയ്ക്കുന്നത്. പ്രധാനമായും ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളുന്നതിനാണ് രാവിലെ ഉണര്‍ന്നയുടൻ സ്പൈസസ് ചേര്‍ത്ത വെള്ളം കുടിക്കുന്നത്. ഏലയ്ക്കയിട്ട വെള്ളവും ഇതുപോലെ പതിവായി രാവിലെ തന്നെയാണ് കഴിക്കേണ്ടത്. ഏലയ്ക്ക വെറുതെ വെള്ളത്തിലിട്ട് കുടിക്കുകയല്ല വേണ്ടത്. ഇതിനൊരു രീതിയുണ്ട്. രാത്രിയില്‍ ഏലയ്ക്ക ചതച്ചെടുത്ത ശേഷം വെള്ളത്തില്‍ ചേര്‍ത്തുവയ്ക്കണം. ശേഷം രാവിലെ ഉറക്കമുണര്‍ന്നയുടൻ ഈ വെള്ളം കുടിക്കാം.

ഏലയ്ക്കയിട്ട വെള്ളം ധാരാളം പേര്‍ക്ക് ഇഷ്ടമാണ്. എന്നാലിത് പതിവായി കഴിക്കാമോ എന്ന് സംശയിക്കുന്നവരും ഏറെയാണ്. തീര്‍ച്ചയായും ഇത് പതിവായി കഴിക്കാവുന്നതാണ്. ശരീരത്തില്‍ കൊഴുപ്പ് സംഭരിച്ച് വച്ചിട്ടുള്ളതില്‍ കുറവ് വരാൻ ഇത് സഹായിക്കും. അതിനാല്‍ തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഇതേറെ ഉപകാരപ്രദമാണ്. ഏലയ്ക്കയിലടങ്ങിയിരിക്കുന്ന പോഷകങ്ങളും ആന്‍റിഓക്സിഡന്‍റുകളും തന്നെയാണ് ഇതിന് ഹായിക്കുന്നത്.

ദഹനം സുഗമമാക്കുന്നതിനും കൊഴുപ്പ് എരിച്ചുകളയുന്നതിനുമെല്ലാം ഒരുപോലെ ഏലയ്ക്ക സഹായകമാണ്. ഇന്ന് മിക്കവരും നേരിടുന്നൊരു പതിവ് ആരോഗ്യപ്രശ്നമാണ് ദഹനപ്രശ്നമെന്നതും പ്രധാനമാണ്. ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്ന പ്രശ്നം പരിഹിക്കുന്നതിനും മലബന്ധത്തിന് ആശ്വാസം നല്‍കുന്നതിനുമെല്ലാം ഏലയ്ക്ക സഹായകം തന്നെ. പ്രത്യേകിച്ച് അമിതമായി ഭക്ഷണം കഴിച്ച ശേഷമാണെങ്കില്‍ ഇത് കൂടുതല്‍ പ്രയോജനപ്രദമാകും. അത്തരത്തിലും ഇത് ഉപയോഗിക്കാവുന്നതാണ്.