ബിഷ്ത് നൽകിയാൽ കോടികൾ നൽകാം ; ഒമാൻ രാജകുടുംബാംഗം

 ബിഷ്ത് നൽകിയാൽ കോടികൾ നൽകാം ; ഒമാൻ രാജകുടുംബാംഗം

ഖത്തർ ലോകകപ്പ് ഫൈനലിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മെസിയെ ധരിപ്പിച്ച‌ മേലങ്കിക്ക് (ബിഷ്ത്) വിലപേശി ഒമാൻ രാജകുടുംബാംഗം അഹ്മദ് അൽ ബർവാനി. ട്വിറ്ററിലൂടെയാണ് ഒമാൻ പാർലമെന്റ് അംഗം കൂടിയായ ബർവാനി ആവശ്യവുമായി രംഗത്തെത്തിയത്. ഇപ്പോൾ ഈ ബിഷ്ത് തരുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഒമാനിൽ സൂക്ഷിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരു മില്യൺ ഡോളറാണ് ബിഷ്ത് തിരിച്ചുനൽകിയാൽ മെസിക്ക് വാഗ്ദാനം ചെയ്ത തുക.

‘ബിഷ്ത് താങ്കൾക്ക് സുരക്ഷിതമായി സൂക്ഷിക്കാൻ പറ്റിയെന്നു വരില്ല , അത് സ്മാരകമായി ഞാൻ സൂക്ഷിക്കാം. അതെനിക്ക് തരൂ. ഒരു മില്യൺ ഡോളർ തരാം’. അഹമദ് അൽ ബർവാനി ട്വിറ്ററിൽ കുറിച്ചു. ഇനി മെസി കൂടുതൽ തുക ആവശ്യപ്പെടുകയാണെങ്കിൽ അത് നൽകാനും താൻ തയ്യാറാണ് എന്ന് അഹമദ് അൽ ബർവാനി വ്യക്തമാക്കി.

രാജപ്രൗഢിയുടെ പ്രതീകമായിട്ടാണ് ഈ വസ്ത്രം അറബികൾ ധരിക്കുന്നത്. സ്വർണവും വെള്ളിയും ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. ഒരു ബിഷ്തിന് ഏകദേശം 7.5 ലക്ഷത്തോളം രൂപ വരെ വില ഉണ്ടാവും. ബിഷ്ത് ഒരു പരമ്പരാഗത‌ വേഷമാണ്. അറബി രാജകുടുംബങ്ങളും മതപണ്ഡിതരും രാഷ്ട്രീയനേതാക്കളും സമ്പന്നരുമാണ് ബിഷ്ത് ധരിക്കാറുള്ളത്.