ഡോക്ടർമാരുടെ കുറിപ്പടി ഇനി ഗൂഗിൾ വായിച്ചു തരും
ഡോക്ടർമാരുടെ കുറിപ്പടി വായിക്കാനാകുന്നില്ലെന്ന പരാതിക്ക് പരിഹാരവുമായി ഗൂഗിൾ. ഡോക്ടർമാർ എഴുതുന്ന ഏത് മോശം കുറിപ്പടിയും വായിക്കാൻ ഗൂഗിൾ ലെൻസിൽ സംവിധാനം വരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൈയക്ഷര കുറിപ്പുകളിൽനിന്ന് മരുന്ന് തിരിച്ചറിയാനാണ് ഗൂഗിൾ ആളുകളെ സഹായിക്കുക. കമ്പനിയുടെ ഇന്ത്യൻ പദ്ധതികൾ പ്രഖ്യാപിക്കുന്ന ‘ഗൂഗിൾ ഫോർ ഇന്ത്യ 2022’ വാർഷിക സമ്മേളനത്തിലാണ് ഇതടക്കം വിവരങ്ങൾ പുറത്തുവിട്ടത്.
പദ്ധതിയിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഗൂഗിൾ ഇന്ത്യ റിസർച് ഡയറക്ടർ മനീഷ് ഗുപ്ത പറഞ്ഞു. എന്നാൽ, ഉപയോക്താക്കൾക്ക് എപ്പോൾ ലഭ്യമാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിൽ വസ്തുക്കൾ, മൃഗങ്ങൾ, ചെടികൾ അടക്കമുള്ളവ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഗൂഗിൾ ലെൻസിനെ അക്ഷരങ്ങൾ തിരിച്ചറിയാൻ ശേഷിയുള്ളതാക്കി മാറ്റുകയാണിവിടെ. വെബ് പേജുകൾ മാതൃഭാഷയിൽ വായിക്കാനുള്ള സൗകര്യം, ശബ്ദ തിരയൽ അടക്കം ഗൂഗിൾ-പേയിൽ പുതിയ സുരക്ഷ മുന്നറിയിപ്പുകൾ, സർക്കാറിന്റെ ഡിജിലോക്കറിലെ ഫയലുകൾ ‘ഫയൽസ് ബൈ ഗൂഗിൾ’ ആപ്പിൽ, ഓൺലൈൻ വിഡിയോ കോഴ്സുകൾക്കായി യൂട്യൂബ് കോഴ്സ്, യൂട്യൂബ് വിഡിയോക്കുള്ളിൽ തിരയൽ സൗകര്യം എന്നിവയാണ് മറ്റു പദ്ധതികൾ.