എപ്പോഴും ഇയര്‍ ഫോൺ ഉപയോഗിക്കാറുണ്ടോ; ഇക്കാര്യങ്ങൾ അറിയുക
യുവാക്കളിലും കുട്ടികളിലും സംഭവിക്കുന്ന കേള്‍വി തകരാറുകള്‍ പുതിയ കാലത്ത് ഇയര്‍ ഫോണിന്റെ അമിതോപയോഗം സംഭാവന ചെയ്യുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടുതലും 35 വയസിന് താഴെയുള്ളവര്‍ക്കാണ് ഇത്തരത്തില്‍ കേള്‍വി പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും സമീപകാലത്ത് പുറത്തുവന്ന പഠനങ്ങള്‍ പറയുന്നു. ഇതില്‍ 50 ശതമാനത്തോളം പേരും ഇയര്‍ഫോണില്‍ അമിത ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്ന ശീലമുള്ളവരാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
ചെവിക്കകത്തെത്തുന്ന ശബ്ദം ചെറിയ രോമങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന, ദ്രാവകമുള്ള ‘കോക്ലിയ’ എന്ന ഭാഗത്തെത്തുന്നു. ശബ്ദതരംഗങ്ങള്‍ ഇവിടെയെത്തുമ്പോൾ ദ്രാവകവും ചെറിയ രോമങ്ങളും കൂട്ടത്തില്‍ ഇളകുന്നു. ഈ ശബ്ദത്തിന്റെ തരംഗം കൂടുന്നതിന് അനുസരിച്ച് അകത്തെ ചലനവും കൂടുന്നു. പതിവായി ഇത്തരത്തില്‍ അമിത ശബ്ദം കേള്‍ക്കുമ്പോൾ കോക്ലിയയുടെ ഭാഗങ്ങള്‍ തകരാറിലാകുന്നു. ഒരിക്കല്‍ നശിച്ചുപോയാല്‍ പിന്നെ വീണ്ടെടുക്കാന്‍ കഴിയാത്ത കോശങ്ങളാണിവിടെ ഉള്ളത് എന്നതും പ്രധാനമാണ്.
ഇയര്‍ഫോണിന് പകരം ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതും, ശബ്ദം കുറച്ച് കേള്‍ക്കുന്നതും, ചെവിക്ക് വിശ്രമം നല്‍കുന്നതുമെല്ലാം ഇത്തരം പ്രശ്‌നങ്ങളൊഴിവാക്കാന്‍ സഹായിക്കും. അതുപോലെ തന്നെ ഇയര്‍ഫോണ്‍ പതിവായി വൃത്തിയാക്കുകയും വേണം. അല്ലാത്ത പക്ഷം അത് ചെവിക്കകത്ത് അണുബാധയുണ്ടാക്കാനുള്ള സാധ്യതകളും കൂടുതലാണ്. ഒരാള്‍ ഉപയോഗിക്കുന്ന ഇയര്‍ഫോണ്‍ മറ്റൊരാള്‍ ഉപയോഗിക്കുന്ന സാഹചര്യങ്ങളും പരമാവധി ഒഴിവാക്കുകയാണ് ഉചിതം.