മുട്ടയുടെ മഞ്ഞക്കരു ഹൃദയത്തിന് ഗുണമോ ദോഷമോ
മുട്ടയുടെ വെള്ളയും മഞ്ഞയും നിറയെ ഫാറ്റും വിറ്റാമിനുകളും പോഷകഗുണങ്ങളും നല്ല കൊളസ്‌ട്രോളും അടങ്ങിയിട്ടുള്ളതാണ് മുട്ട എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി, ബയോടിന്‍, തിയാമിന്‍, വിറ്റാമിന്‍ ബി 12 എന്നിവയുടെ കലവറയാണ് മുട്ട. സെലേനിയം വൈറ്റമിന്‍ ഡി, പ്രോട്ടീന്‍ എന്നിവയും മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയില്‍ 78 കലോറി ഊര്‍ജം, 6.3 ഗ്രാം പ്രോട്ടീന്‍, 212 മില്ലിഗ്രാം കൊളസ്‌ട്രോള്‍, 5.5 ഗ്രാം ഫാറ്റ് എന്നിവ അടങ്ങിയിരിക്കുന്നു.
അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ തെളിയിക്കുന്നത് ഹൃദ്രോഗങ്ങള്‍ ഉണ്ടാക്കുന്നതിനു പകരം മുട്ട ഹൃദ്രോഗത്തിന്റെ സാധ്യത ഇല്ലാതാക്കുന്നുണ്ടെന്നാണ്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആഴ്ചയില്‍ നാലു മുട്ട കഴിക്കുന്ന ഒരാള്‍ക്ക് ആഴ്ചയില്‍ ഒരു മുട്ട കഴിക്കുന്ന ആളെക്കാള്‍ ഹൃദ്രോഗ സാധ്യത കുറവാണെന്നാണ്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവു കൂടാതെ തന്നെ ദിവസേന ഒന്നോ രണ്ടോ മുട്ട മഞ്ഞക്കരു ഉള്‍പ്പടെ കഴിക്കാം എന്ന് വിദഗ്ധര്‍ പറയുന്നു.
ഹൃദയത്തിന്റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കാന്‍ പര്യാപ്തമായ ഏതാനും പോഷകഘടകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. മുട്ടയില്‍ അടങ്ങിയിട്ടുള്ള ബീറ്റെയ്ന്‍, ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന വാല്‍വുകളിലെ തടസ്സമുണ്ടാക്കുന്ന ഹോമോസിസ്‌റ്റെയ്‌ന്റെ അളവു കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തധമനികളെ തകര്‍ക്കുന്നതാണ് ഹോമോസിസ്‌റ്റെയ്ന്‍. മാത്രമല്ല, ഹോമോസിസ്‌റ്റെയ്‌ന്റെ അളവു കൂടുന്നത് ഹൃദയാഘാതം അടക്കമുള്ള രോഗങ്ങള്‍ക്കും അല്‍ഷിമേഴ്‌സ്, കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കും കാരണമാകുമെന്നും ഗവേഷകര്‍ കണ്ടെത്തി.
മുട്ടയുടെ മഞ്ഞക്കരു തലച്ചോറിനെ പോഷകസമ്പന്നമാക്കുന്ന എസ്റ്റിക്കോളിനില്‍ അടങ്ങിയിരിക്കുന്ന കോളിന്റെ കലവറയാണ്. ഗര്‍ഭിണിയായിരിക്കുന്ന സമയത്തും മുലയൂട്ടുന്ന സമയത്തും കോളിന്‍ അത്യാവശ്യമാണ്. തലച്ചോറിന്റെ സാധാരണ വികസനത്തിനും കോളിന്‍ അത്യാവശ്യമാണ്.