സത്രവേദിയിൽ സംസ്കൃതത്തിൽ ​ഗംഭീരനാദം

 സത്രവേദിയിൽ സംസ്കൃതത്തിൽ  ​ഗംഭീരനാദം

ഇരുപത് വർഷങ്ങൾക്ക് മുൻപ് അനന്തപുരിയിലെ പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന ഭാ​ഗവതമഹാ സത്രത്തിൽ ഇദംപ്രഥമമായി മുഴങ്ങിക്കേട്ടിരുന്ന സംസ്കൃതത്തിലുള്ള അനൗൻസ്മെന്റ് വീണ്ടും 38 മത് ഭാ​ഗവത സത്രത്തിലും മുഴങ്ങിക്കേൾക്കുമ്പോൾ പ്രഭാഷകന്മാരെപ്പോലെ കേൾവിക്കാർക്കും അത്ഭുതം. ദേവഭാഷയായ സംസ്കൃതം അന്യം നിന്നു പോകുന്ന കാലഘട്ടത്തിൽ സംസ്കൃതത്തിൽ രചിച്ച ഭാ​ഗവതത്തിന്റെ അവതരണ ഭാ​ഗങ്ങളും, പ്രഭാഷകരെ പരിചയപ്പെടുത്തുന്നതും 20 വർഷം മുൻപ് നിർവ്വഹിച്ച അതേ ആൾ തന്നെയാണ് ഇത്തവണയും എന്നതുമാണ് പ്രത്യേകത.

പാളയം സംസ്കൃത കോളേജിലെ വൈസ് പ്രിൻസിപ്പാളും സംസ്കൃത പണ്ഡിതനുമായ ഡോ. കെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് ഭേവഭാഷയുടെ അവതാരനായി സത്രഹാളിൽ മാധുര്യം പകരുന്നത്.സത്രത്തിൽ രാവിലെ ആരംഭിക്കുന്ന പാരായണം മുതൽ രാത്രിയിലെ കലാപരിപാടികൾവരെയുള്ള എല്ലാ അറിയിപ്പുകളും ഡോ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി സംസ്കൃതത്തിലും മലയാളത്തിലും നൽകും. മുത്തശ്ശി മുതൽ പേരക്കുട്ടിവരെ എല്ലാവരും സംസ്കൃതത്തിൽ സംസാരിക്കുന്ന സംസ്കൃത കുടുംബത്തിന്റെ ​ഗൃഹനാഥനാണ് ഇദ്ദേഹം. ഭാര്യ സി.എൻ വിജയകുമാരിയും കേരള സർവ്വകലാശാലയിൽ സംസ്കൃതം പ്രൊഫസറാണ്. അടുത്തിടെ പ്രിയപ്പെട്ട പപ്പായ മരം മുറിച്ചതിനെതിരെ അമ്മയുടെ മുന്നിൽ സംസ്കൃതത്തിൽപ്പൊട്ടിക്കരഞ്ഞ് ലോകം മുഴുവൻ നവമാധ്യമത്തിലൂടെ വൈറലായ ദീക്ഷിത് എന്ന കുഞ്ഞുണ്ണിയുടെ അച്ഛനാണ് ഡോ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി.സംസ്കൃത ഭാഷയുടെ പ്രചരണത്തിനായി ജീവിതമുഴിഞ്ഞുവെച്ച ഇദ്ദേഹം സത്രത്തിൽ സംസ്കൃതത്തിൽ അനൗൻസ്മെന്റ് നടത്തുന്നതും ഈ അമരവാണിയുടെ പ്രചരണത്തിന് വേണ്ടി തന്നെയാണ്.

Ashwani Anilkumar

https://newscom.live