പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങൾ

 പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. പ്രമേഹമുണ്ടെന്ന് കണ്ടെത്തിയതിന് ശേഷം ജീവിതരീതികളില്‍ പുലര്‍ത്തേണ്ട ജാഗ്രത വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഭക്ഷണരീതിയില്‍ മാറ്റംവരുത്തി പ്രമേഹത്തെ നിയന്ത്രിക്കാനാകും. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം…

ആപ്പിളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന പറയുന്നത് വെറുതേയല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യും. സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും.

ഓറഞ്ചാണ് ഈ പട്ടികയിലെ മൂന്നാമന്‍. ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഇവ ആരോഗ്യത്തിനും ഉത്തമമാണ്. പ്രത്യേകിച്ച്‌ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഓറഞ്ച് സഹായിക്കും.കിവിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, പൊട്ടാസ്യം, നാരുകള്‍ ഇവയടങ്ങിയ കിവി, പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കിവിക്ക് കഴിയുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്.

സബര്‍ജില്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍, വിറ്റാമിന്‍ കെ, ആന്റിഓക്‌സിഡന്റുകള്‍ ഇവ സബര്‍ജില്ലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയിലെ പോഷകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. മാത്രമല്ല, ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴമാണ് സബര്‍ജില്‍.മാതളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു മാതളത്തില്‍ 7 ഗ്രാം ഫൈബര്‍ ഉണ്ട്. പ്രതിരോധശക്തിയേകുന്ന വിറ്റാമിന്‍ സിയും ഇവയില്‍ അടങ്ങിയിരിക്കുന്നു.