‘ബലദ് ബീസ്റ്റ്’ ഫെസ്റ്റിവൽ
‘ബലദ് ബീസ്റ്റ്’ ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കാൻ ജിദ്ദ ഒരുങ്ങി. ഇനി രണ്ട് നാൾ ജിദ്ദ ബലദിലെ ചരിത്ര മേഖല സംഗീത കലാപ്രകടനങ്ങളുടെ മിന്നും കാഴ്ചകൾക്ക് വേദിയാകും. അഞ്ച് വ്യത്യസ്ത തിയേറ്ററുകളിലായി 70 ലധികം അന്തർദേശീയ, അറബ് കലാകാരന്മാർ അണിനിരക്കുന്ന സംഗീത പരിപാടി നാളെയും മറ്റന്നാളുമായാണ് നടക്കുക. സൗദി മ്യൂസിക്കൽ എൻറർടൈൻമെൻറ് കമ്പനിയായ ‘മിഡിൽ ബീസ്റ്റ്’ ആണ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നായ ജിദ്ദ ‘ബലദിൽ’ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സംഗീത പരിപാടി സംഘടിപ്പിക്കുന്നത്.
പൊതു ടിക്കറ്റുകൾ എടുക്കുന്നവർക്ക് ഫെസ്റ്റിവലിന്റെ അഞ്ച് തിയേറ്ററുകളിലേക്ക് പ്രവേശനം നൽകും. ഒരു ദിവസത്തെ സന്ദർശനത്തിന് 399 റിയാലും രണ്ടു ദിവസങ്ങൾക്ക് ഒന്നിച്ചെടുക്കുന്ന ടിക്കറ്റിന് 599 റിയാലുമാണ് ഈ ഇനത്തിൽ നിരക്ക്. ഒരു ദിവസത്തിന് 1,999 റിയാലും രണ്ടു ദിവസം ഒന്നിച്ചുള്ള ടിക്കറ്റിന് 2,999 എന്നിങ്ങനെയാണ് വി.ഐ.ബി ടിക്കറ്റ് നിരക്കുകൾ. വി.ഐ.ബി ടിക്കറ്റുകാർക്ക് ചരിത്രപരമായ കെട്ടിടങ്ങൾ സന്ദർശിക്കാനും പ്രത്യേക ഗേറ്റിലൂടെ പ്രവേശിക്കാനും ഏറ്റവും രുചികരമായ സൗജന്യ ഭക്ഷണം ആസ്വദിക്കാനും അനുവദിക്കും. ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും https://mdlbeast.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.