കൈപ്പത്തിയില്‍ തൊലിയിളകുന്നുണ്ടോ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

 കൈപ്പത്തിയില്‍  തൊലിയിളകുന്നുണ്ടോ;  ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

ചിലരുടെ കൈപ്പത്തികളില്‍ പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്നത് നാം ശ്രദ്ധിച്ചിരിക്കാം. കൈപ്പത്തികള്‍ വല്ലാതെ വരണ്ടിരിക്കും. ചിലപ്പോള്‍ തൊലിയിളകി പോകുന്നുമുണ്ടാകും. പ്രത്യേകിച്ച്‌ കാരണമില്ലാതെ തന്നെ കൈപ്പത്തിക്കുള്ളില്‍ അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യാം. പലപ്പോഴും അലര്‍ജി മൂലമാകാം കൈപ്പത്തിക്കുള്ളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത്. ചിലരില്‍ അലര്‍ജി കാരണം ചുവന്നു തടിച്ച പാടുകള്‍ രൂപപ്പെടുകയും ചെയ്തേക്കാം.

തണുപ്പ് അധികമുള്ള കാലാവസ്ഥയില്‍ കഴിയുമ്പോൾ കൈകള്‍ വല്ലാതെ വരണ്ടുപോകാം. മഞ്ഞുകാലത്തിന്റെ സവിശേഷത മൂലം കൈപ്പത്തിയിലെ തൊലി പറിഞ്ഞുവരാനും സാധ്യതയുണ്ട്. വിരലുകളില്‍ മോതിരമണിഞ്ഞിട്ടുണ്ടെങ്കില്‍ അവയ്‌ക്കിടയില്‍ അണുക്കള്‍ ഇരുന്ന് അലര്‍ജിയുണ്ടായേക്കാം. ചിലര്‍ക്ക് ഇത് ചൊറിച്ചിലായാണ് അനുഭവപ്പെടുക. പുതിയ ഹാന്‍ഡ് ഗ്ലൗസുകള്‍, ചില മെയ്‌ക്കപ്പ് പ്രൊഡക്ടുകള്‍, കാലപ്പഴക്കം ചെന്ന ആഭരണങ്ങള്‍ എന്നിവ ഉപയോഗിക്കുമ്പോൾ കൈകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായേക്കാം.

കൈപ്പത്തികളില്‍ അനുഭവപ്പെടുന്ന ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും ചികിത്സ കൂടാതെ തന്നെ പരിഹരിക്കപ്പെടുന്നതാണ്. കുറച്ചുദിവസങ്ങള്‍ പിന്നിടുമ്പോൾ പതിയ ഭേദമാകുന്ന പ്രശ്നങ്ങളാണ് പൊതുവെ ഉണ്ടാകുക. മോയ്‌സ്ച്ചുറൈസറുകളും ബോഡി ലോഷനുകളും ഉപയോഗിച്ച്‌ കൈകള്‍ വരണ്ടുപോകുന്ന അവസ്ഥയും മാറ്റിയെടുക്കാം. എന്നാല്‍ കൈപ്പത്തിയിലെ തൊലി ഇളകി പോകുന്നതും ചുവന്നു തടിക്കുന്നതുമെല്ലാം ചിലപ്പോള്‍ ഗുരുതരമായ അലര്‍ജി മൂലമാകാനും സാധ്യതയുണ്ട്.