ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ദഹനപ്രശ്‌നങ്ങൾ പലരേയും അലട്ടുന്ന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചൽ തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങൾ മൂലം ഉണ്ടാകുന്നതാണ്. എന്നാൽ തുടർച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങൾ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ജീവിതശെെലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ദഹനപ്രശ്നങ്ങൾ അകറ്റാം. വേനൽക്കാലത്തെ അപേക്ഷിച്ച് ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നു. എന്നിരുന്നാലും, സ്വയം നന്നായി ജലാംശം നൽകുന്നത് വളരെ പ്രധാനമാണ്. നിർജ്ജലീകരണം പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. വീട്ടിലുണ്ടാക്കുന്ന സൂപ്പുകളും ഹോട്ട് ചോക്ലേറ്റ് പോലുള്ള പാൽ പാനീയങ്ങളും ഉൾപ്പെടെ, ദിവസവും 8 ഗ്ലാസെങ്കിലും ധാരാളം വെള്ളം കുടിക്കുക.
തുളസി, കറുവപ്പട്ട, കുരുമുളക്, ഉണങ്ങിയ ഇഞ്ചി എന്നിവയിൽ നിന്ന് ഉണ്ടാക്കിയ ഹെർബൽ ടീ കുടിക്കാവുന്നതാണ്. ഒരാളുടെ അഭിരുചിക്കനുസരിച്ച് ഈ പാനീയങ്ങളിൽ ശർക്കര അല്ലെങ്കിൽ നാരങ്ങ നീര് ചേർക്കാം. ‘ഗോൾഡൻ മിൽക്ക്’ (പാലിൽ അര ടീസ്പൂൺ മഞ്ഞൾപ്പൊടി) ചേർത്ത് കുടിക്കുന്നതും ആരോഗ്യത്തിന് ഫലപ്രദമാണ്. ആന്റി ഓക്‌സിഡന്റുകളുള്ള, ആന്റി-ഇൻഫ്ലമേറ്ററി, ക്യാൻസർ വിരുദ്ധ ഗുണങ്ങളുള്ള പരമ്പരാഗത പാനീയമാണ് ഗോൾഡൻ മിൽക്ക്.
പ്രോബയോട്ടിക്കുകൾ കഴിക്കുന്നത് ശരീരത്തിൽ ധാരാളം ഗുണങ്ങൾ നൽകുന്നു. പ്രധാനമായും ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രകൃതിദത്തമായ പ്രോബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങളുടെ ഉപഭോഗം വർദ്ധിപ്പിക്കണം. പച്ചക്കറികൾ, തവിട് ധാന്യങ്ങൾ, തവിടുള്ള ബ്രെഡ്, പേരയ്ക്ക, ആപ്പിൾ തുടങ്ങിയ പുതിയ പഴങ്ങൾ എന്നിവ പോലുള്ള ഉയർന്ന നാരുള്ള ഭക്ഷണങ്ങൾ കഴിക്കുക. ഭക്ഷണത്തിൽ സരസഫലങ്ങളും ചേർക്കുക.ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. മഞ്ഞൾ, ജീരകം, ഇഞ്ചി തുടങ്ങിയവ ദഹനപ്രശ്നങ്ങൾ അകറ്റാൻ നല്ലതാണ്.