വിരലടയാളം നിർബന്ധം
ഉംറ വിസയിൽ പോകുന്ന കുവൈറ്റിൽ നിന്നുള്ളവർക്ക് വിരലടയാളം നിർബന്ധമാക്കി. പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഹജ്ജ് ഉംറ മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈറ്റിനൊപ്പം ബ്രിട്ടൻ, തുണീഷ്യ, ബംഗ്ലാദേശ്, മലേഷ്യ എന്നീ രാജ്യങ്ങൾക്കും ഇത് ബാധകമാണ്.
സ്മാർട്ട് ഫോണുകളിൽ ‘സൗദി വിസ ബയോ’ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താണ് വിരലടയാളം രജിസ്റ്റർ ചെയ്യേണ്ടത്. ആപ്ലിക്കേഷനിൽ പ്രവേശിച്ചശേഷം വിസയുടെ തരം നിർണയിക്കുക, പാസ്പോർട്ട് ഇൻസ്റ്റന്റ് റീഡ് ചെയ്യുക, ഫോൺ കാമറയിൽ മുഖത്തിന്റെ ഫോട്ടോയെടുത്ത് അപ് ലോഡ് ചെയ്യുക, 10 വിരലുകളുടെയും അടയാളം ഫോൺ കാമറ ഉപയോഗിച്ച് സ്കാൻ ചെയ്യുക എന്നിവയാണ് രജിസ്ട്രേഷൻ നടപടി ക്രമങ്ങൾ.
വിരലടയാളം നേരത്തേ രജിസ്റ്റർ ചെയ്യുന്നതോടെ സൗദി പ്രവേശന കവാടങ്ങളിലെത്തുമ്പോൾ യാത്രാനടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും തിരക്കൊഴിവാക്കാനും സാധിക്കുമെന്നത് ഇതിന്റെ നേട്ടമാണ്. പല രാജ്യങ്ങളിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്ക് ഈ സംവിധാനം നേരത്തേ ഏർപ്പെടുത്തി വിജയകരമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉംറ തീർഥാടകർക്കും ഇത് ഏർപ്പെടുത്തുന്നത്.