കണ്ണിന്‍റെ ആരോഗ്യം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

 കണ്ണിന്‍റെ ആരോഗ്യം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കണ്ണുകളുടെ ആരോഗ്യത്തിന് ശ്രദ്ധ കൊടുക്കുന്നവരാണ് നമ്മളില്‍ പലരും. ചില ആഹാരങ്ങള്‍ കൂടുതലായി ക‍ഴിച്ചാല്‍ കണ്ണിന്‍റെ ആരോഗ്യം മികച്ച രീതീയിലാകും. ഇളനീര്‍, വേവിക്കാത്ത കാരറ്റ്, നെയ്യുചേര്‍ത്ത ചെറുപയര്‍, പാല്‍, തവിടുകളയാത്ത ധാന്യങ്ങള്‍, ബീന്‍സ്, ഇലക്കറികള്‍, തക്കാളി, കുരുമുളക്, മുന്തിരി, മുട്ട ഇവ കണ്ണിന്റെ അഴകിനും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ഇലക്കറികളില്‍ത്തന്നെ അടപതിയനില, ചീര, മുരിങ്ങയില ഇവ കണ്ണിന് ഏറെ പഥ്യമാണ്. കൃത്രിമനിറങ്ങള്‍ ചേര്‍ത്ത ഭക്ഷണങ്ങളും, ശീതളപാനീയങ്ങളും കണ്ണിന് ഗുണമല്ല.

പകലുറക്കം, രാത്രി ഉറക്കമൊഴിയുക, ഉയരമുള്ള തലയണ ഉപയോഗിക്കുക, പുകവലി, മദ്യപാനം, ചൂടുവെള്ളം തലയിലൊഴിക്കുക തുടങ്ങിയവ വിവിധ നേത്രരോഗങ്ങള്‍ക്ക് ഇടയാക്കാറുണ്ട്.കംപ്യൂട്ടര്‍ ഉപയോഗിക്കുമ്ബോള്‍ കണ്ണും കംപ്യൂട്ടര്‍ സ്ക്രീനും തമ്മില്‍ 20-30 ഇഞ്ച് അകലം പാലിക്കണം. എല്ലാ 20 മിനിറ്റ് കൂടുമ്ബോഴും കണ്ണിന് വിശ്രമം നല്‍കുകയും വേണം.

കംപ്യൂട്ടര്‍ മോണിറ്ററിന്റെ തിളക്കം പരമാവധി കുറച്ചുവയ്ക്കുക. അതുപോലെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന ആള്‍ ഇരിക്കുന്ന അതേദിശയില്‍ മുറിയിലെ വെളിച്ചം ക്രമീകരിക്കുന്നതാണ് കണ്ണിന്റെ ആരോഗ്യത്തിനു നല്ലത്.വ്യായാമക്കുറവ്, ടിവിയുടെയും കംപ്യൂട്ടറിന്റെയും അമിത ഉപയോഗം എന്നിവ കുട്ടികളില്‍ പലതരം കാഴ്ചാപ്രശ്നങ്ങള്‍ക്കിടയാക്കും. എന്നാല്‍ പുറത്തിറങ്ങി നടക്കുകയും കിടക്കുകയും ചെയ്യുന്നവരില്‍ കണ്ണുകളുടെ സ്വാഭാവിക പ്രവര്‍ത്തനശേഷി വര്‍ധിക്കാറുണ്ട്.