വാഹനങ്ങൾ നിർത്തിയിടാൻ അനുമതി 96 മണിക്കൂർ മാത്രം
ഖത്തറിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ സൗദിയിൽ നിന്ന് പോകുന്നവർക്ക് സൗദി അതിർത്തി കവാടമായ ‘സൽവ’യിലെ പരിശോധന കേന്ദ്രത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള പരമാവധി കാലയളവ് നാല് ദിവസം മാത്രമാണെന്ന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടി.ജി.എ) അറിയിച്ചു. പാർക്കിങ് നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിർദേശങ്ങൾ ലംഘിക്കുന്നവരുടെ വാഹനങ്ങൾ പാർക്കിങ് പ്രദേശത്തുനിന്ന് നീക്കം ചെയ്യുന്നതിന് പുറമേ പിഴ ചുമത്തുമെന്നും ടി.ജി.എ വൃത്തങ്ങൾ വ്യക്തമാക്കി. സ്ഥല പരിമിതിയാണ് ഇത്തരമൊരു നിർദേശം പുറപ്പെടുവിക്കാൻ കാരണമെന്ന് ടി.ജി.എ വിശദീകരിച്ചു. അധികൃതരുടെ കണക്കുകൂട്ടലിനെ മറികടക്കുന്ന വിധമായിരുന്നു റോഡ് മാർഗം ഖത്തറിലേക്കുള്ള ഫുട്ബാൾ പ്രേമികളുടെ ഒഴുക്ക്.
‘ഹയ്യ’ ആപ്ലിക്കേഷൻ വഴി പാർക്കിങ് സ്ഥലത്തിനായി യാത്രക്കാർക്ക് രജിസ്റ്റർ ചെയ്യാം. സൽവ അതിർത്തിയിൽ പാർക്കിങ്ങിന് തിരക്കുള്ളതിനാൽ, ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ HereForYou_SA എന്ന ഔദ്യോഗിക അക്കൗണ്ട് വഴി ഖത്തർ അതിർത്തിയിലെത്താൻ മാർഗം തേടണമെന്നും ടി.ജി.എ നിർദേശിച്ചു.