30 പേരെ കൊല്ലാന്‍ നിമിഷങ്ങള്‍ മാത്രം; അപൂർവ്വ മൽസ്യം!
സയനൈഡിനേക്കാള്‍ 1200 മടങ്ങ് വിഷമുള്ള മത്സ്യത്തെ കണ്ടെത്തിയാതായി റിപ്പോർട്ട്. ബ്രിട്ടനിലെ കടല്‍ത്തീരത്താണ് അതീവ വിഷമുള്ള ഓഷ്യാനിക് പഫര്‍ എന്ന മത്സ്യത്തെ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും അപകടകരമായ വിഷങ്ങളിലൊന്നാണ് സയനൈഡ്. ഇത് കഴിച്ചാല്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരാള്‍ മരിക്കാം. എന്നാല്‍ അതിലും കരുത്തുള്ളതാണ് ഈ മത്സ്യത്തിലെ വിഷം. ടെട്രാഡോണ്ടിഡേ ഇനത്തില്‍ പെടുന്ന മത്സ്യമാണിത്.
കോണ്‍സ്റ്റന്‍സ് മോറിസ് എന്ന യുവതി കുടുംബത്തോടൊപ്പം കോണ്‍വാള്‍ ബീച്ചില്‍ പോയപ്പോഴാണ് മത്സ്യത്തെ കണ്ടത്. മത്സ്യം കരയില്‍ കിടക്കുന്നത് കണ്ട യുവതി അടുത്ത് ചെന്ന് പരിശോധിച്ചു , തുടര്‍ന്നാണ് ഇത് ഓഷ്യാനിക് പഫര്‍ ആണെന്ന് മനസിലായത്. മോറിസ് കയ്യുറകള്‍ ധരിച്ച് മത്സ്യത്തെ പരിശോധിച്ചതിനാല്‍ അപകടമുണ്ടായില്ല.
ഈ ഒരൊറ്റ മത്സ്യത്തില്‍ 30 മുതിര്‍ന്ന മനുഷ്യരെ കൊല്ലാന്‍ ആവശ്യമായ വിഷം അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഇതുവരെ മരുന്നുകളും ഇതിനായി കണ്ടുപിടിച്ചിട്ടില്ല. സമുദ്രങ്ങളില്‍ 10 മുതല്‍ 475 മീറ്റര്‍ വരെ ആഴത്തിലാണ് ഇത് കാണപ്പെടുന്നത്. ഈ വിഷമുള്ള മത്സ്യത്തില്‍ നിന്ന് അകലം പാലിക്കാനും സ്പര്‍ശിക്കാതിരിക്കാനും വിദഗ്ധര്‍ പറയുന്നു. ബ്രിട്ടീഷ് തീരങ്ങളില്‍ ഈ മത്സ്യം അപൂര്‍വമായേ കാണാറുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.