നാടക് രണ്ടാം സംസ്ഥാന സമ്മേളനത്തിന് നാളെ കൊടിയിറക്കം
കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടക് സംസ്ഥാന സമ്മേളനം നാളെ തിരുവനന്തപുരത്ത് സമാപിക്കും. വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കുന്ന സമ്മേളനത്തിൽ കേരളത്തിലെ അഞ്ഞൂറോളം നാടക പ്രവർത്തകരോടൊപ്പം ബംഗളൂരുവിൽ നിന്നുള്ള നാടക പ്രവർത്തകരും പ്രതിനിധികളാണ്. സമ്മേളനത്തിന്റെ അവസാന ദിനമായ നാളെ പുതിയ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറിയേയും ഭാരവാഹികളെയും തിരഞ്ഞെടുക്കും. തുടർന്ന് വൈകുന്നേരം 3 മണിക്ക് സംസ്ഥാനത്തെ ആയിരക്കണക്കിന് നാടക പ്രവർത്തകർ അണിനിരക്കുന്ന തിയേറ്റർ മാർച്ച് നടക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന മാർച്ച് വെള്ളയമ്പലം വഴി സമ്മേളന നഗരിയായ വഴുതക്കാട് ടാഗോർ തിയേറ്ററിൽ എത്തിച്ചേരും. തുടർന്ന് അട്ടപ്പാടിയിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിക്കുന്ന ഗോത്ര കലാമേള ടാഗോർ തിയേറ്ററിൽ അരങ്ങേറും.
വൈകുന്നേരം 5 മണിക്ക് ടാഗോർ തിയേറ്ററിൽ നടക്കുന്ന സമാപന സമ്മേളനം ചലച്ചിത്ര താരം പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കരമന ഹരി ആധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ നാടക സംവിധായിക പ്രസന്ന രാമ സ്വാമി, ഡോക്ടർ വേണു ഐ എ എസ്, നാടക് സംഘാടക സമിതി കൺവീനർ ജെ ശൈലജ എന്നിവരും പങ്കെടുക്കും. സമ്മേളനത്തിന് ശേഷം വൈകുന്നേരം 7 മണിക്ക് കർണാടകയിൽ നിന്നുള്ള നാടകം യത്ര നാര്യസ്തു പൂജ്യന്തേ അവതരിപ്പിക്കും. പ്രശാന്ത് ഷെട്ടി കോട്ട രചനയും സംവിധാനവും നിർവഹിച്ച നാടകം അവതരിപ്പിക്കുന്നത് കലാടാ ഉദ്യവരാ ആണ്.