ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

 ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

പാലക്കാട് മേഴത്തൂരിൽ ഭിന്നശേഷിക്കാരനായ 14കാരന് ക്രൂര മർദ്ദനമെന്ന് പരാതി. അയൽവാസി അലിയാണ് സൈക്കിൾ തട്ടിയതിന്റെ പേരിൽ കുട്ടിയെ മർദ്ദിച്ചത്. ചെവിയ്ക്കും തലയ്ക്കും പരുക്കേറ്റ കുട്ടിയുടെ ആരോഗ്യനില വഷളായതായി കുടുംബം പറയുന്നു.

തലയ്ക്കകത്തെ മുഴകൾ നീക്കം ചെയ്ത ശസ്ത്രക്രിയയ്ക്ക് 9 വർഷം മുമ്പ് കുട്ടി വിധേയനായിരുന്നു. അതിനാൽ കുട്ടിയുടെ തലയ്ക്ക് യാതൊരു കേടും ഇല്ലാതെ സംരക്ഷിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളതുമായിരുന്നു. അടിയേറ്റ് കുട്ടി ഛർദ്ദിക്കുകയും ബോധരഹിതനാവുകയും ചെയ്തു. രോഗിയാണെന്നും തലയ്ക്ക് അടിക്കരുതെന്നും പലവട്ടം അപേക്ഷിച്ചതായി കുട്ടി. എന്നിട്ടും അടി നിർത്തിയില്ല. പിന്നീട് ആളുകൾ ഓടിക്കൂടി തടയുകയായിരുന്നു. കുട്ടിയെ മർദ്ദിച്ച അലിയെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു.