പുതിയ ബസ് സർവീസിന് തുടക്കം
സൗദി ജിദ്ദ നഗരത്തിലെ പ്രധാന ഭാഗമായ ബലദിൽ നിന്ന് സുലൈമാനിയ അൽഹറമൈൻ റെയിൽവേ സ്റ്റേഷനിലേക്ക് ബസ് സർവിസ് ആരംഭിച്ചു. നിലവിലെ ബസ് റൂട്ടുകളിലൂടെയാണ് റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ സർവിസുകൾ ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി ആരംഭിച്ചത്. ബലദിൽ നിന്ന് സുലൈമാനിയയിലേക്കും തിരിച്ചും ഓരോ 50 മിനുട്ടിലും പ്രതിദിനം 42 ബസ് സർവിസുകളുണ്ടാകും. ഒരു യാത്രക്ക് 3.45 റിയാലാണ് ടിക്കറ്റ് നിരക്ക്.
പ്രതിദിനം 17 മണിക്കൂർ വരെയാണ് ബസ് സർവിസ്. രാവിലെ 7.15 മുതൽ രാത്രി 12.00 വരെ തുടരും. റൗണ്ട് ട്രിപ്പ് റൂട്ട് ആരംഭിക്കുന്നത് ബലദ് ഹിസ്റ്റോറിക്കൽ ഏരിയയിൽ നിന്നാണ്. ബാഗ്ദാദിയ, കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി, അൽസലാം മാൾ വഴി അൽഹറമൈൻ ട്രെയിൻ സ്റ്റേഷനിലെത്തും. അവിടെ നിന്ന് അതേ പാതയിൽ മടങ്ങും. ജിദ്ദയിലെ പൊതുഗതാഗത സേവനങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായണ് പുതിയ സേവനം ഒരുക്കിയത്. നേരത്തെ ജിദ്ദ എയർപോർട്ട് കമ്പനിയും സാപ്‌റ്റ്‌കോയുമായും സഹകരിച്ച് ജിദ്ദ വിമാനത്താവളത്തിലേക്കും തിരിച്ചും എക്‌സ്‌പ്രസ് ബസ് സർവിസ് കമ്പനി ആരംഭിച്ചിരുന്നുവെന്നും ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി സൂചിപ്പിച്ചു.