ഡോക്യുമെന്റ് മാനേജ്മെന്റ് സെന്റർ തുറന്നു
മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒമാൻ എയർപോർട്ട് ഡോക്യുമെന്റ് മാനേജ്മെന്റ് സെന്റർ തുറന്നു. 787 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കേന്ദ്രത്തിൽ ഡോക്യുമെന്റ് സ്റ്റോറേജും മറ്റ് സൗകര്യങ്ങളുമാണ് ഉൾപ്പെടുന്നത്. കേന്ദ്രം നാഷണൽ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി ചെയർമാൻ ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ ധവയാനിയുടെ രക്ഷാകർതൃത്വത്തിലാണ് തുറന്നത്. പോസ്റ്റ് ഓഫിസ്, രേഖകൾ അടുക്കുന്നതിനും കാണുന്നതിനുമുള്ള ഹാൾ, മീറ്റിങ് റൂം, റിസപ്ഷൻ ഏരിയ, സ്റ്റാഫ് ഓഫിസുകൾ തുടങ്ങിയവ സെന്ററിന്റെ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.
നാഷനൽ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി അംഗീകരിച്ച സാങ്കേതിക സവിശേഷതകൾക്കനുസരിച്ചാണ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച്, നാഷണൽ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി അംഗീകരിച്ച മാനദണ്ഡങ്ങൾക്കും സ്പെസിഫിക്കേഷനുകൾക്കും അനുസൃതമായി രേഖകളും പേപ്പറുകളും കൈകാര്യം ചെയ്യുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം നൽകുന്നതിനുള്ള കരാറിൽ ഒമാൻ എയർപോർട്ട് ഒപ്പുവച്ചു. അനധികൃത വ്യക്തികളിൽനിന്ന് ഒമാൻ എയർപോർട്ടുകളുടെ രേഖകളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കകുകയാണ് ഡോക്യുമെന്റ് മാനേജ്മെന്റ് സെന്റർ സ്ഥാപിക്കുന്നതിന്റെ ലക്ഷ്യമെന്ന് ഒമാൻ എയർപോർട്ട് സി.ഇ.ഒ ഷെയ്ഖ് അയ്മാൻ ബിൻ അഹമ്മദ് അൽ ഹൊസാനി പറഞ്ഞു.