ഫിഫ ലോകകപ്പ്: റൊണാള്‍ഡോയും നെയ്മറും ഇന്നിറങ്ങും

 ഫിഫ ലോകകപ്പ്: റൊണാള്‍ഡോയും നെയ്മറും ഇന്നിറങ്ങും

ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയുടെയും ജര്‍മനിയുടെയും തോല്‍വികളിൽ നിരാശരായിരിക്കുകയാണ് മലയാളികള്‍. ഒട്ടേറെ ആരാധകരുളള ഈ ടീമുകളുടെ തോല്‍വി ലോകകപ്പ് ആവേശം തണുപ്പിക്കുമെന്ന പേടിയിലാണ് ലോകകപ്പ് സംഘാടകരായ ഖത്തര്‍. എന്നാല്‍ ആരാധകരെ വീണ്ടും ആവേശക്കൊടുമുടിയേറ്റാന്‍ കെല്‍പ്പുള്ള രണ്ട് ടീമുകള്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും നെയ്മറിന്‍റെ ബ്രസീലും ഇന്ന് പോരാട്ടത്തിന് ഇറങ്ങുന്നതോടെ ആരാധക ആവേശം തിരിച്ചെത്തുമെന്നാണ് ഫുട്ബോള്‍ ലോകത്തിന്‍റെ പ്രതീക്ഷ.

ഇന്ന് രാത്രി 9.30ന് നടക്കുന്ന പോരാട്ടത്തില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് ആഫ്രിക്കന്‍ കരുത്തന്‍മാരായ ഘാനയാണ് എതിരാളികള്‍.ഇതിന് മുൻപ് ഒരിക്കലേ ഇരുടീമും ഏറ്റുമുട്ടിയിട്ടുള്ളൂ. 2014 ലോകകപ്പിൽ നേർക്കുനേർ വന്നപ്പോൾ പോർച്ചുഗൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഘാനയെ തോൽപിച്ചു. നാളെ പുലര്‍ച്ചെ 12.30ന് നടക്കുന്ന ബ്രസീല്‍-സെര്‍ബിയ പോരാട്ടത്തിനായാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.ആറാം ലോക കിരീടത്തിനിറങ്ങുന്ന ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ 25-ാം സ്ഥാനക്കാരായ സെര്‍ബിയ ആണ് എതിരാളികള്‍. റാങ്കിംഗില്‍ കാര്യമില്ല ഗ്രൗണ്ടിലാണ് കളി എന്ന് സൗദി അറേബ്യയും ജപ്പാനും അട്ടിമറി വിജയങ്ങളോടെ തെളിയിച്ചതിനാല്‍ ഇന്നത്തെ പോരാട്ടം ബ്രസീലിന് അനായാസമായി കാണാനാവില്ല. ഇന്നത്തെ പോരാട്ടത്തില്‍ ബ്രസീലിന്‍റെ പ്രതീക്ഷയും കരുത്തും നെയ്മർ ജൂനിയറാണ്.