ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ പെട്ടുപോകരുത്

 ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ പെട്ടുപോകരുത്

അടിയന്തര ഘട്ടങ്ങളില്‍ പ്രയോജനപ്പെടുമെന്ന് കരുതിയാണ് മിക്കവരും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ തട്ടിപ്പിന് ഇരയാകാനും സാധ്യതയുണ്ട്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടുന്ന സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് പാസ് വേര്‍ഡ് രഹസ്യമായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇടയ്ക്കിടെ പിന്‍ മാറ്റുന്നത് നല്ലതാണ്. മറ്റുള്ളവരോട് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കുക. പബ്ലിക് വൈഫൈയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ പറയുന്നു.

ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശമുണ്ടെങ്കില്‍ ഓരോ ആവശ്യത്തിനും വ്യത്യസ്ത ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുക. ഫോണ്‍ ബില്‍, വരിസംഖ്യ, ഇഎംഐ തുടങ്ങി ഓട്ടോമാറ്റിക് പേയ്‌മെന്റുകള്‍ക്ക് മാത്രം ഒരു കാര്‍ഡ് ഉപയോഗിക്കുക. പര്‍ച്ചെയ്‌സിനും മറ്റും അടുത്ത കാര്‍ഡ് ഉപയോഗിക്കുക. ദൈനംദിന ആവശ്യങ്ങള്‍ക്ക് വീണ്ടുമൊരു കാര്‍ഡ് കൈവശമുണ്ടെങ്കില്‍, അത് ഉപയോഗിക്കുക. ഇത്തരത്തില്‍ ഓരോ ആവശ്യത്തിനും വ്യത്യസ്ത കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരുപരിധി വരെ സഹായിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇടപാടിന് പരിധി മുന്‍കൂട്ടി നിശ്ചയിക്കുന്നത് നല്ലതാണ്. മാസംതോറും ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ് എടുക്കുന്നതും പരിശോധിക്കുന്നതും സാമ്പത്തിക അച്ചടക്കത്തിന് നല്ലതാണ്. ഇതിലുപരി തട്ടിപ്പിന് ഇരയായോ എന്നെല്ലാം അറിയുന്നതിനും സഹായിക്കും. കൂടാതെ എസ്എംഎസ് അലര്‍ട്ടുകളും വിശകലനം ചെയ്യുന്നത് നല്ലതാണ്. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണം.