സൗജന്യ സംപ്രേക്ഷണവുമായി ബീൻ സ്പോർട്സ്
ഫിഫ ലോകകപ്പ് ചരിത്രത്തിൽ അറബ് ലോകം ആതിഥ്യം വഹിച്ച ആദ്യ ടൂർണമെൻറ് ആഘോഷമാക്കാൻ ബീൻ സ്പോർട്സ്. ടൂർണമെൻറിലെ 22 മത്സരങ്ങൾ പൂർണമായും സൗജന്യമായി സംപ്രേക്ഷണം ചെയ്യുമെന്ന് ബീൻ സ്പോർട്സ് അറിയിച്ചു. മിഡിലീസ്റ്റിലും ഉത്തരാഫ്രിക്കയിലുമുള്ള പ്രേക്ഷകർക്ക് ഈ ആനുകൂല്യം ഉപയോഗിക്കാം. അൽ ബെയ്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തറും എക്വഡോറും തമ്മിൽ ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തോടെയാണ് സൗജന്യ സംപ്രേക്ഷണത്തിന് തുടക്കം കുറിക്കുക. മേഖലയിലെ 24 രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് വരുന്ന ഫുട്ബാൾ ആരാധകർക്ക് ടൂർണമെൻറിലെ ആവേശകരമായ പോരാട്ടങ്ങൾ ആസ്വദിക്കാൻ വഴിയൊരുക്കുന്നതാണ് ഈ നീക്കം. മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക ഉൾപ്പെടുന്ന മിന മേഖലയിലെ 24 രാജ്യങ്ങളിലും ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ ഔദ്യോഗിക, എക്സ്ക്ലൂസീവ് സംപ്രേക്ഷണാവകാശം ബീൻ സ്പോർട്സിനാണ്.