ഖത്തർ ലോകകപ്പ്; മരുഭൂമിയിലെ എട്ട് കളിക്കളങ്ങൾ
എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തർ ലോകകപ്പിനൊരുക്കിയിരിക്കുന്നത്. അവയിൽ ഒരെണ്ണം മാത്രമേ, പഴയത് മുഖംമിനുക്കിയിട്ടുള്ളൂ. ശേഷിച്ചവയിൽ ആറെണ്ണം തീർത്തും പുതിയതായി മരുഭൂമിയിൽ പൊങ്ങിയുയർന്നപ്പോൾ, റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയം നിലവിലെ കളിമുറ്റം പൊളിച്ച് പുതുക്കിപ്പണിയുകയായിരുന്നു. 8 സ്റ്റേഡിയവും വ്യത്യസ്ത രീതിയിലാണ് പണികഴിച്ചിരിക്കുന്നത്.
- അൽ ബെയ്ത് സ്റ്റേഡിയം:-
ദോഹയിൽനിന്ന് ഏറ്റവും അകലെയുള്ള കളിമുറ്റമാണ് അൽ ബെയ്ത് സ്റ്റേഡിയം. ദൂരക്കാഴ്ചയിൽ അതിവിശാലമായ മരുഭൂമിയിൽ വലിച്ചുകെട്ടിയൊരു ടെന്റ് പോലെ തോന്നിപ്പിക്കുന്നു. അരികിലെത്തുന്തോറും വിസ്മയമായിമാറുന്ന നിർമാണം. ദോഹയിൽനിന്ന് 46 കിലോമീറ്റർ അകലെയാണ് ഈ കളിമുറ്റം. 60,000 ഇരിപ്പിടശേഷിയിൽ ആണ് അൽ ബെയ്ത് സ്റ്റേഡിയം. ഉദ്ഘാടനമത്സര വേദികൂടിയാണ് ഇവിടം. - ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം:-
ഖത്തറിന്റെ കായിക തലയെടുപ്പാണ് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം. 1975ൽ നിർമാണം പൂർത്തിയാക്കിയ ഇവിടമായിരുന്നു ആദ്യ സ്റ്റേഡിയം . 2006 ഏഷ്യൻ ഗെയിംസ് മുതൽ ഒരുപിടി കായികമത്സരങ്ങൾക്ക് വേദിയായ ഇടമാണ്. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്, ഫിഫ ക്ലബ് ലോകകപ്പ്, പാൻ അറബ് ഗെയിംസ്, ഏഷ്യാകപ്പ് ഫുട്ബാൾ അങ്ങനെ ഒരുപിടി മത്സരങ്ങൾ അരങ്ങേറിയ ഇടമാണ് ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയം. ലോകകപ്പിനായി അത്യാധുനിക സംവിധാനങ്ങളോടെ പുതുക്കിപ്പണിതെങ്കിലും രൂപഘടനയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 45,000 ഇരിപ്പിടശേഷിയുമായാണ് ഖത്തർ ലോകകപ്പിലെ പ്രധാന വേദിയായ ഇവിടം ഒരുങ്ങുന്നത്. സ്റ്റേഡിയത്തോടനുബന്ധിച്ച് തയാറാക്കിയ 3-2-1 സ്പോർട്സ് ആൻഡ് ഒളിമ്പിക്സ് മ്യൂസിയം സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു കായികകേന്ദ്രമാണ്. - അൽ തുമാമ സ്റ്റേഡിയം:-
അറബ് കൗമാരക്കാർ അണിയുന്ന ഗഫിയ എന്ന തലപ്പാവിന്റെ മാതൃകയിലാണ് അൽ തുമാമ സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്. കണ്ടുശീലിച്ച ഫുട്ബോൾ മൈതാനങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ ആശയമായിരുന്നു ഇത്. ഖത്തർ ആർക്കിടെക്ടായ ഇബ്രാഹിം ജെയ്ദയായിരുന്നു ഈ രൂപകൽപനക്ക് പിന്നിൽ പ്രവർത്തിച്ചത്. 40,000 ഇരിപ്പിടമുള്ള സ്റ്റേഡിയം ലോകകപ്പിനുശേഷം, 20,000ത്തിലേക്ക് ചുരുങ്ങും. സ്റ്റേഡിയത്തിന്റെ മുകൾനില ലോകപ്രശസ്ത സ്പോർട്സ് മെഡിസിൻ കേന്ദ്രമായ ‘ആസ്പെറ്റാർ സ്പോർട്സ് ക്ലിനിക്കിന്റെ ബ്രാഞ്ചും പഞ്ചനക്ഷത്ര ഹോട്ടലുകളുമായി മാറും. - സ്റ്റേഡിയം 974:-
974 എന്നത് ഖത്തറിന്റെ ഡയലിങ് കോഡാണ്. എന്നാൽ, ഇവിടെ അതൊരു സ്റ്റേഡിയത്തിന്റെ പേര് കൂടിയാണ്. കണ്ടെയ്നർ മാജിക് എന്ന് ലോകം ഇതിനകം വിളിച്ച സ്റ്റേഡിയത്തിന്റെ നിർമിതിക്കായി ഉപയോഗിച്ച കണ്ടെയ്നറുകളുടെ എണ്ണം കൂടിയാണ് 974. സ്റ്റേഡിയ നിർമിതിയിൽ സമാനതകളില്ലാത്ത പരീക്ഷണമായിരുന്നു ലോകകപ്പിനായി കോർണിഷിനോട് ചേർന്ന് സംഘാടകർ ഒരുക്കിയത്. എൻജിനീയറിങ് വിസ്മയം എന്നു വിശേഷിപ്പിക്കാവുന്ന സ്റ്റേഡിയം. 1930 മുതലുള്ള ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ടൂർണമെന്റിനുശേഷം പൂർണമായും പൊളിച്ചുകളയുന്ന സ്റ്റേഡിയം എന്ന പ്രത്യേകത ഇതിനു മാത്രമുള്ളതാണ്. പരിസ്ഥിതിസൗഹൃദവും സുസ്ഥിരതയും മുദ്രാവാക്യമാക്കുന്ന ആതിഥേയരുടെ ഏറ്റവും ഉദാത്തമായ മാതൃക. ഡ്രസിങ് റൂം മുതൽ വി.വി.ഐ.പി കോർപറേറ്റ് ബോക്സും വരെ എല്ലാ സൗകര്യങ്ങളും ഒരുക്കിയത് കണ്ടെയ്നറുകൾ ഉപയോഗിച്ച്. കളിക്കാഴ്ചക്കൊപ്പം ഈ സ്റ്റേഡിയത്തിന്റെ എൻജിനീയറിങ് വൈവിധ്യവും കാഴ്ചക്കാർക്ക് അത്ഭുതമാകും. 40,000 ഇരിപ്പിടമാണ് ഒരുക്കിയത്. ലോകകപ്പിനുശേഷം പൂക്കളങ്ങളും പാർക്കുകളുമായി പുതിയൊരു പൂന്തോട്ടമായി മാറും. - എജുക്കേഷൻ സിറ്റി സ്റ്റേഡിയം:-
രൂപഭംഗികൊണ്ട് മരുഭൂമിയിലെ വജ്രം എന്നാണ് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തെ വിളിക്കുന്നത്. ഡയമണ്ടിന്റെ മാതൃകയിലാണ് സ്റ്റേഡിയത്തിന്റെ രൂപകൽപന. ആകെയുള്ള 40,000 സീറ്റ് ലോകകപ്പ് മത്സരത്തിന് ശേഷം 20,000 ആയി ചുരുക്കും. 20,000 സീറ്റുകള് വികസിതരാജ്യങ്ങളിലെ കായികപദ്ധതികൾക്കായി കൈമാറും. ഊര്ജകാര്യക്ഷമത ഉറപ്പാക്കി സമ്പന്നമായ ഇസ്ലാമിക് വാസ്തുവിദ്യയും ആധുനികതയും സമന്വയിപ്പിച്ചുള്ളതാണ് സ്റ്റേഡിയത്തിന്റെ രൂപഘടന. ലോകകപ്പിന് ശേഷം നിരവധി വിദേശ സർവകലാശാല കേന്ദ്രങ്ങളുടെ ആസ്ഥാനം കൂടിയായ എജുക്കേഷൻ സിറ്റിയുടെ അടയാളമായി ഈ ഡയമണ്ട് സ്റ്റേഡിയം മാറും. - അഹ്മദ് ബിൻ അലി സ്റ്റേഡിയം
ലോകകപ്പ് ആതിഥേയത്വം ലഭിക്കുംമുമ്പേ ഖത്തറിലുള്ള സ്റ്റേഡിയങ്ങളിൽ ഒന്നാണ് അൽ റയ്യാനിലെ അഹ് മദ് ബിൻ അലി സ്റ്റേഡിയം. ഖത്തർ സ്റ്റാർസ് ലീഗിലെ കരുത്തരായ അൽ റയ്യാൻ എഫ്.സിയുടെ ഹോം ഗ്രൗണ്ട്. ലോകകപ്പിനായി കൂടുതൽ മോടിയോടെ പുതുക്കിപ്പണിതാണ് ഈ കളിമുറ്റം കാണികളെ വരവേൽക്കുന്നത്. 2016ൽ ആരംഭിച്ച നിർമാണപ്രവർത്തനങ്ങൾ രണ്ടുവർഷം മുമ്പ് പൂർത്തിയാക്കി, 2020ലെ അമീർ കപ്പ് ഫൈനലോടെ അഹ് മദ് ബിൻ അലി സ്റ്റേഡിയം വീണ്ടും മത്സര സജ്ജമായി. 40,000 സീറ്റിങ് കപ്പാസിറ്റിയോടെ അണിഞ്ഞൊരുങ്ങിയ സ്റ്റേഡിയം ലോകകപ്പിന് ശേഷം ഇരിപ്പിടങ്ങളുടെ എണ്ണം നേരത്തേപോലെ പകുതിയിലേക്ക് ചുരുങ്ങും. മറ്റുവേദികളെ പോലെ തന്നെ എടുത്തുമാറ്റുന്ന സീറ്റുകളും മറ്റും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്റ്റേഡിയങ്ങളായി പുനർസൃഷ്ടിക്കപ്പെടും. - അൽ ജനൂബ് സ്റ്റേഡിയം:-
പഴമക്കാർ ലോകത്തിന്റെ പല അറ്റങ്ങളിലേക്ക് സഞ്ചരിച്ച പായക്കപ്പലിനെ ഒരു സ്റ്റേഡിയമാക്കി മാറ്റിയിരിക്കുകയാണ് അൽ വക്റയിൽ. വിദേശങ്ങളിലേക്ക് കച്ചവടത്തിനും മത്സ്യബന്ധനത്തിനും മുത്തുവാരലിനുമായി സഞ്ചരിച്ച അറബികളുടെ യാത്രാ ഉപാധിയെ കടൽതീരനഗരിയായ അൽ വക്റയിൽ സ്റ്റേഡിയമാക്കി മാറ്റി. അതാണ് അൽ ജനൂബ് സ്റ്റേഡിയം. നിർമാണവിസ്മയങ്ങളിലെ മറ്റൊരു ഏടായി സഹ ഹദിദിയുടെ ഈ രൂപകൽപനയെ വിശേഷിപ്പിക്കാം. കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ദൃശ്യഭംഗിയൊരുക്കിയ ഇറാഖ് -ബ്രിട്ടീഷ് ആർക്കിടെക്ടായ സഹ ഖത്തറിൽ പന്തുരുളുമ്പോഴേക്കും ഓർമയായി എന്നതാണ് ഈ ഉത്സവത്തിനിടയിലെ നൊമ്പരം. 2019ൽ ഉദ്ഘാടനം ചെയ്യപ്പെട്ട അൽ ജനൂബ് സ്റ്റേഡിയം 40,000 കാണികൾക്കാണ് ഇരിപ്പിടമൊരുക്കുന്നത്. - ലുസൈൽ സ്റ്റേഡിയം:-
2022 ഡിസംബർ 18 രാത്രിയിൽ, ഇവിടെ ജയിക്കുന്നത് ആരെന്നറിയാനാണ് ലോകം കാത്തിരിക്കുന്നത്. വിശ്വമേളയുടെ ഫൈനലിന് വേദിയാവുന്ന മണ്ണ് എന്നനിലയിൽ ഖത്തർ ലോകകപ്പ് ചരിത്രമെഴുതുന്നിടം. ലുസൈൽ സ്റ്റേഡിയം എന്നപേരിൽ തന്നെയുണ്ട് ഈ കളിമുറ്റത്ത് ഖത്തർ ഒളിപ്പിച്ചുവെച്ച വിസ്മയങ്ങൾ. സ്മാർട്ട് ഖത്തറിന്റെ ഭാവിനഗരിയാവാൻ ഒരുങ്ങുന്ന ലുസൈലിന്റെ തിലകക്കുറിയാണ് സ്വർണക്കൂടാരം പോലെ വാനിൽ ഉയർന്നുനിൽക്കുന്ന ലുസൈൽ സ്റ്റേഡിയം. ലോകപ്രശസ്ത ആർക്കിടെക്ട് കമ്പനിയായ ഫോസ്റ്റർ ആൻഡ് പാർട്ണേഴ്സാണ് സ്റ്റേഡിയം രൂപകൽപന ചെയ്തത്. 2017 ഏപ്രിലിൽ നിർമാണം ആരംഭിച്ച ലുസൈൽ സ്റ്റേഡിയം ഏറ്റവും ഒടുവിലായി ലോകകപ്പിന് സജ്ജമായ സ്റ്റേഡിയമാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ലുസൈൽ സൂപ്പർകപ്പിന് വേദിയായാണ് 80,000 പേർക്ക് ഇരിപ്പിടസൗകര്യമുള്ള സ്റ്റേഡിയം കായികലോകത്തിന് സമർപ്പിച്ചത്. അറബ് പൈതൃകവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതാണ് ലുസൈൽ സ്റ്റേഡിയത്തിന്റെ നിർമാണം. ചരിത്രപാരമ്പര്യത്തിന്റെ പ്രതിഫലനമായ ഫാനർ റാന്തൽ വിളക്കും മധുരസ്മരണകളുയർത്തുന്ന അതിന്റെ നേർത്ത നിഴലും വെളിച്ചവും സമന്വയിപ്പിച്ച്, ഒരു പുരാതന പാനപാത്രത്തിന്റെ ആകൃതിയിലാണ് ലുസൈൽ സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. ലോകകപ്പിന് ശേഷം ലുസൈൽ നഗരത്തിന്റെ കമ്യൂണിറ്റി ഹബ്ബായി സ്റ്റേഡിയം മാറും. സ്കൂളും കളിക്കളവും ആശുപത്രിയും വിനോദവുമെല്ലാം ഉൾക്കൊള്ളുന്ന ചരിത്രത്തിന്റെ മറ്റൊരു ഏടായി മാറും ലുസൈൽ സ്റ്റേഡിയം.