ഡിവോഴ്സ് ക്യാരറ്റ് കേക്കും പിന്നിലെ കഥയും
വ്യത്യസ്ത കേക്ക് റെസിപ്പികള്‍ പരീക്ഷിക്കാന്‍ ആഗ്രഹമുള്ളവരാണ് ഏറെയും. ഇപ്പോഴിതാ ഒരു വെറൈറ്റി കേക്കിന്റെ കഥയാണ് ശ്രദ്ധ നേടുന്നത്. ഡിവോഴ്സ് ക്യാരറ്റ് കേക്ക് എന്നാണ് സംഭവത്തിന്റെ പേര്. ഏകദേശം 30 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഇത്. പക്ഷെ ഡിവോഴ്സ് ക്യാരറ്റ് കേക്ക് എന്ന പേരിന് പിന്നില്‍ ഒരു കഥ തന്നെയുണ്ട്. റെഡ്ഡിറ്റില്‍ കേക്കിന്റെ റെസിപ്പിയും പേരിന് പിന്നിലെ കഥയും പങ്കുവച്ചിട്ടുണ്ട്.
അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട കേക്കാണ് ഇതെന്ന് കുറിച്ചാണ് മകന് സംഭവം വിവരിച്ചിരിക്കുന്നത്. രണ്ട് തവണ ഡിവോഴ്സ് ചെയ്ത അച്ഛന് പക്ഷെ പിറന്നാളിന് അമ്മ ഉണ്ടാക്കുന്ന ക്യാരറ്റ് കേക്ക് വേണമെന്ന് തന്നോട് ആവശ്യപ്പെട്ടു എന്നാണ് മകന് പറഞ്ഞിരിക്കുന്നത്. ഇതാണ് അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട കേക്കെന്നും തന്റെ അമ്മയുടെ റെസിപ്പിയാണ് ഇതെന്നും അയാള്‍ കുറിച്ചു.
ഇരുവരും 20 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞെങ്കിലും അച്ഛന് വീണ്ടും അതേ കേക്ക് വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് മകന് കേക്കിന് ഡിവോഴ്സ് ക്യാരറ്റ് കേക്ക് എന്ന് പേരിട്ടത്. കേക്ക് തയ്യാറാക്കുന്ന വിധവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.