ഫെസ്റ്റിവലിന് ഇന്ന് തുടക്കം
അബുദാബിയുടെ സാംസ്കാരിക ഉത്സവമായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് വെള്ളിയാഴ്ച അബുദാബി അല്‍ വത്ബയില് കൊടിയേറും. 120 ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ 750 പ്രധാന പൊതുപരിപാടികള്‍ക്കുപുറമെ നാലായിരത്തിലേറെ പരിപാടികളും അരങ്ങേറും. 2023 മാര്‍ച്ച് 18നാണ് കൊടിയിറങ്ങുന്നത്. ആഴ്ചതോറും കരിമരുന്ന് പ്രകടനം മേളയിലുണ്ടാവും. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന് എന്നിവരുടെ രക്ഷാകർതൃത്വത്തിലാണ് മേള അരങ്ങേറുന്നത്. ‘യു.എ.ഇ, നാഗരികത ഏകീകരിക്കുന്നു’ എന്ന പ്രമേയത്തിലാണ് അല്‍ വത്ബയില് ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍ നടക്കുക.