തണുപ്പുകാലത്തെ വ്യായാമം; ചര്‍മ്മത്തിന് പ്രത്യേക കരുതല്‍
ഏത് കാലാവസ്ഥയിലും ദിവസവും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാൽ തണുപ്പുകാലത്ത് നിങ്ങള്‍ കഠിനമായി വ്യായാമം ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ചര്‍മ്മത്തെ അത് ബാധിക്കും. തണുപ്പത്ത് മോയിസ്ചറൈസര്‍ ഒന്നും ഉപയോഗിച്ചില്ലെങ്കില്‍ നമ്മുടെ ചര്‍മ്മം എങ്ങനെയിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു. ഇതിന് പുറമേ ശരീരം സ്‌ട്രെച്ച് ചെയ്ത് വ്യായാമം ചെയ്യുമ്പോള്‍ ചര്‍മ്മവും വലിയും. ഇത് ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കുകയും ചൊറിച്ചില്‍ അനുഭവപ്പെടാന്‍ ഇടയാക്കുകയും ചെയ്യും.
അസ്വസ്ഥത ഉണ്ടാക്കും എന്ന് മാത്രമല്ല വ്യായാമം വരെ നിര്‍ത്തിവച്ച് ചൊറിയേണ്ട അവസ്ഥയിലെത്തും. അതുകൊണ്ട് വ്യായാമം ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ചര്‍മ്മത്തില്‍ ശരിയായി മോയിസ്ചറൈസര്‍ പുരട്ടണം. കുളി കഴിഞ്ഞയുടന്‍ രണ്ട് മൂന്ന് മിനിറ്റ് നല്ല മോയിസ്ചറൈസര്‍ ചര്‍മ്മത്തില്‍ തേച്ചുപിടിപ്പിക്കണം. ഗ്ലിസറിന്‍ ഹൈലൂറോണിക് ആസിഡ് വെളിച്ചെണ്ണ, ഷിയ ബട്ടര്‍, മിനറല്‍ ഓയില്‍ എന്നിവ അടങ്ങിയ ക്രീമുകള്‍ ഇതിനായി തെരഞ്ഞെടുക്കാം. വരണ്ട ചര്‍മ്മം ഉള്ളവര്‍ ആദ്യം ഹൈലൂറോണിക് ആസിഡും വൈറ്റമിന്‍ ബി5ഉം അടങ്ങിയ ഹൈഡ്രേറ്റിങ് സിറം ഉപയോഗിക്കണം.
ഇതിന് ശേഷം മോയിസ്ചറൈസിങ് ക്രീം ഉപയോഗിച്ച് നന്നായി മസാജ് ചെയ്യണം. ഒരിക്കലും ചുണ്ടിന്റെ കാര്യം മറക്കരുത്. ചുണ്ടില്‍ ലിപ് ബാം ഇടാന്‍ പ്രത്യേകം ഓര്‍ക്കണം. ഇതിനുപുറമേ വ്യായാമം ചെയ്യുമ്പോഴും അല്ലാത്തപ്പോഴും നന്നായി വെള്ളം കുടിക്കാനും പച്ചിലക്കറികളും പഴങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം. തണുപ്പുകാലത്ത് സൂര്യപ്രകാശം ഒരു ആശ്വാസമായി തോന്നും.
പക്ഷെ ദിവസം മുഴുവന്‍ പുറത്ത് ജോലി ചെയ്യുക, ദീര്‍ഘനേരം നടക്കാനും സൈക്കിള്‍ ചവിട്ടാനുമൊക്കെ പോകുക തുടങ്ങിയ അവസരങ്ങളില്‍ സുര്യപ്രകാശം ചര്‍മ്മത്തിന് അത്ര ഗുണം ചെയ്യില്ല. അതുകൊണ്ടുതന്നെ പുറത്തിറങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് സണ്‍സ്‌ക്രീന്‍ തേക്കാന്‍ മറക്കരുത്. മൂടിക്കെട്ടിയ ദിവസമാണെങ്കിലും പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ തേക്കേണ്ടത് അനിവാര്യമാണ്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ എസ്പിഎഫ് 30 എങ്കിലുമുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.