സ്വിഗ്ഗിയുടെ വഞ്ചന; സമരത്തിനൊരുങ്ങി ജീവനക്കാർ
സ്വിഗ്ഗി തങ്ങളെ വഞ്ചിക്കുന്നു എന്ന പരാതിയുമായി ജീവനക്കാർ രംഗത്ത്. തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയിലെ തൊഴിലാളികൾ. കൊച്ചിയിലെ ജീവനക്കാരാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ആനുകൂല്യങ്ങൾ നൽകാതെ സ്വിഗ്ഗി തങ്ങളെ വഞ്ചിക്കുകയാണെന്നാണ് തൊഴിലാളികളുടെ ആരോപണം.
ജീവനക്കാരുടെ സമരപ്രഖ്യാപനത്തോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. വേതന വർധനവ് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകണം, പാർട് ടൈം ജീവനക്കാർക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക എന്നീ 30 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു തിരുവനന്തപുരത്തെ സമരം. ഇതോടെ അഡീഷണൽ ലേബർ കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ ചർച്ച നടത്തി. ഇതിന് പിന്നാലെ ജീവനക്കാർ സമരം അവസാനിപ്പിക്കുകയായിരുന്നു.