ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ചിത്രം
കര്‍ണാടക ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്-2022-ന്റെ അഡ്മിറ്റ് കാര്‍ഡില്‍ ഒരു വിദ്യാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരം സണ്ണി ലിയോണിന്റെ ചിത്രം വന്നതിനെ തുടര്‍ന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ ശിവമോഗ സൈബര്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. പരീക്ഷാ സെന്റര്‍ ഇന്‍ചാര്‍ജ് ചന്നപ്പയും വിദ്യാഭ്യാസ വകുപ്പ് അധികൃതരും സിഇഎന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ശിവമോഗ എസ്പി മിഥുന് കുമാര്‍ ജികെ ഇന്ത്യ ടുഡേയോട് പറഞ്ഞു. വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിക്കമംഗളൂരു ജില്ലയിലെ കോപ്പ സ്വദേശിയായ ഉദ്യോഗാര്‍ത്ഥി ശിവമോഗയില്‍ അധ്യാപക തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പരീക്ഷ. പരീക്ഷയ്ക്ക് ഹാജരാകാന്‍ സൈബര്‍ സെന്ററില്‍ നിന്ന് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തതായി അധികൃതര്‍ പറഞ്ഞു. സംഭവിച്ച പിഴവിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവാദിയല്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.