എഴുന്നേറ്റാല്‍ ഉടന്‍ കട്ടന്‍ വേണ്ട; നല്ലതല്ലെന്ന് വിദഗ്ധര്‍
ഉറക്കമുണര്‍ന്നാല്‍ ഉടന്‍ ഒരു കപ്പ് കട്ടന്‍ എന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇങ്ങനെ അതിരാവിലെ ചായയും കാപ്പിയുമൊക്കെ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദഹനക്കേട് മുതല്‍ പല പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകും. വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കുന്നത് ശരീരത്തിന്റെ ആസിഡ് സന്തുലനത്തെ പ്രതികൂലമായി ബാധിക്കും.
അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഇതുമൂലം ഉണ്ടാകും. വായില്‍ ഗ്യാസ് രൂപപ്പെടാനും ഇത് കാരണമാകും. കട്ടന്‍ചായ കുടിക്കുന്നത് കൊണ്ടുള്ള മറ്റൊരു പ്രശ്നം നിര്‍ജലീകരണമാണ്. കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന തിയോഫില്ലൈന്‍ എന്ന ഘടകം നിര്‍ജലീകരണം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. തിയോഫില്ലൈന്‍ മലബന്ധത്തിലേക്കും നയിക്കാം.
എഴുന്നേറ്റയുടന്‍ കട്ടന്‍ ചായയോ കാപ്പിയോ കുടിക്കുന്നത് പല്ലിന്റെ ഇനാമലിനും കേടാണ്. വായ്ക്കുള്ളിലെ ആസിഡ് തോത് വര്‍ധിക്കുന്നതു മൂലമാണ് പല്ലിന്റെ ഇനാമലിന് കേടുണ്ടാകുന്നത്. ഭക്ഷണം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് കട്ടന്‍ ചായയോ കാപ്പിയോ കുടിക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.