അരക്കെട്ടില്‍ വലുപ്പവും ഹൃദയാഘാത സാധ്യതകളും

 അരക്കെട്ടില്‍ വലുപ്പവും ഹൃദയാഘാത സാധ്യതകളും

വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ്, അമിതവണ്ണം തുടങ്ങിയവ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുവയാണ്. അരക്കെട്ടിന്‍റെ വലുപ്പം ഓരോ ഇഞ്ച് വര്‍ധിക്കുമ്പോഴും ഹൃദയാഘാത സാധ്യത 10 ശതമാനം കൂടുമെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്. കുടവയറുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച്‌ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 3.21 മടങ്ങ് അധികമാണ്. അമിതഭാരമുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച്‌ ഹൃദ്രോഗ പ്രശ്നം വരാനുള്ള സാധ്യത 2.65 മടങ്ങ് അധികമാണെന്നും പഠനം പറയുന്നു.

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങളും പ്രോട്ടീനും ഫൈബറും ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ കുടവയര്‍ കുറയ്ക്കാന്‍ കഴിയും. വയറ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ചോറ് ഒഴിവാക്കുക. ചോറില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ആദ്യം ചോറ് ഒരു നേരമാക്കുക. പതിയെ ഒരു നേരത്തെ ചോറിന്റെ അളവും കുറയ്ക്കുക. പ്ലേറ്റിന്റെ കാല്‍ ഭാഗം ചോറ്. ബാക്കി ഭാഗത്ത് സാലഡോ മറ്റ് വെജ് വിഭവങ്ങ‌ളോ വയ്ക്കാം.

ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കുക. പഞ്ചസാര അധികമായി ചേര്‍ത്തിട്ടുള്ള ഭക്ഷണം ഭാരം വര്‍ധിപ്പിക്കും. ചയാപചയത്തെയും ഇവ പ്രതികൂലമായി ബാധിക്കും. ഇതിനാല്‍ ഭക്ഷണക്രമത്തില്‍ നിന്ന് പഞ്ചസാര കഴിവതും ഒഴിവാക്കുക. രാത്രി ഭക്ഷണം വൈകി കഴിക്കുന്നത് കുടവയര്‍ കൂട്ടും. ഭക്ഷണം കഴിച്ച ഉടന്‍ കിടന്നുറങ്ങാന്‍ പോകുന്നതിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊര്‍ജമായി പോകാനുള്ള സാധ്യത ഇല്ലാതാകും.

കുടവയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശീതളപാനീയങ്ങള്‍ ഒഴിവാക്കണം. ദിവസവും ഇത് കുടിക്കുന്നത് അമിതവണ്ണത്തിനും വിസറല്‍ ഫാറ്റ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നുവെന്ന് ഒട്ടേറെ പഠനങ്ങളുണ്ട്. ശീതളപാനീയങ്ങളിലെ ഫ്രക്ടോസ് കോണ്‍സിറപ്പാണ് ഈ പ്രശ്നത്തിനു കാരണം. ആവശ്യത്തിലധികം ഫ്രക്ടോസ് ലഭിച്ചാല്‍ അത് നേരേ കരളിലേക്ക് പോയി കൊഴുപ്പായി അടിയും. വെള്ളം ധാരാളം കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.