മുഖം തിളങ്ങാൻ ഇനി ഹണി ഫേഷ്യല്‍
പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ് മുഖത്തെ കരുവാളിപ്പും മുഖക്കുരുവും. എന്നാൽ ഈ പ്രശ്നത്തിനുള്ള ഏറ്റവും മികച്ച പരിഹാര മാർഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആകുകയാണ്. ഇതാണ് ഹണി ഫേഷ്യല്‍. വെയിലേറ്റ കരുവാളിപ്പും മുഖക്കുരുവിന്റെ പാടുകളും ചര്‍മ്മത്തില്‍ നിന്ന് നീക്കി ചര്‍മ്മത്തെ മോയ്ച്യുറൈസ് ചെയ്യുന്ന ഒരു പ്രകൃതിദത്ത ഉത്പ്പന്നമാണ് തേന്‍. തേന്‍ കൂടുതലായി ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഫേഷ്യല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാകുകയാണ്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഫേഷ്യലാണ് ഇത്. എങ്ങനയാണ് ഇത് ചെയ്യേണ്ടതെന്ന് നോക്കാം.
ആദ്യ ഘട്ടം ക്ലെന്‍സിംഗാണ്. ചര്‍മ്മത്തിലെ അഴുക്ക് നീക്കം ചെയ്യുകയാണ് ഈ ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി രണ്ട് ടേബിള്‍ സ്പൂണ്‍ തേനിലേക്ക് സമം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. തുടര്‍ന്ന് ഈ പേസ്റ്റ് മുഖത്തുതേച്ച് അഞ്ച് മിനിറ്റ് മസാജ് ചെയ്ത് നനഞ്ഞ പഞ്ഞിയോ തുണിയോ കൊണ്ട് തുടച്ചുനീക്കാവുന്നതാണ്.
ചര്‍മ്മത്തില്‍ നിന്ന് മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിന് സ്‌ക്രബിംഗ് ചെയ്യേണ്ടത് ആവശ്യമാണ്. ഇതിനായി രണ്ട് സ്പൂണ്‍ തേനിലേക്ക് അല്‍പം കാപ്പിപ്പൊടി ഇട്ടശേഷം ഇത് മുഖത്ത് തേച്ച് മൃദുവായി അഞ്ച് മിനിറ്റോളം സ്‌ക്രബ് ചെയ്യാം. മസാജിംഗ് ആണ് മൂന്നാം ഘട്ടം. ചര്‍മ്മത്തെ കൂളാക്കാന്‍ തേന്‍ കൊണ്ട് മസാജിംഗും ചെയ്യാം. ഇതിനായി രണ്ട് സ്പൂണ്‍ കറ്റാര്‍വാഴ ജെല്ലിലേക്ക് ആവശ്യത്തിന് തേന്‍ ഇട്ട് ഇളക്കി മുഖത്ത് പുരട്ടി പത്ത് മിനിറ്റ് നേരം മസാജ് ചെയ്യാം. ഇനി ഫേസ് മാസ്‌ക് ഇടുന്നതാണ് അടുത്ത ഘട്ടം.
വെയിലേറ്റ കരുവാളിപ്പും മുഖക്കുരുവും ഉള്‍പ്പെടെയുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ മാറാനായാണ് ഹണി ഫേസ് മാസ്‌ക് ഉപയോഗിക്കുന്നത്. തേനിനൊപ്പം അല്‍പം തൈരും ചന്ദനപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി മുഖത്തിടാവുന്നതാണ് . 10 മിനിറ്റിനുശേഷം കഴുകിക്കളയുകയും ചെയ്യണം.