അടിമുടി നീല നിറം, തലമുടിയില്‍ ചുവപ്പ്, മഞ്ഞ കണ്ണുകൾ; സോഷ്യൽ മീഡിയയിൽ ചർച്ചയായി കിം കര്‍ദാഷിയന്റെ പുതിയ രൂപം

 അടിമുടി  നീല നിറം, തലമുടിയില്‍ ചുവപ്പ്, മഞ്ഞ കണ്ണുകൾ; സോഷ്യൽ മീഡിയയിൽ ചർച്ചയായി  കിം കര്‍ദാഷിയന്റെ പുതിയ രൂപം

വസ്ത്രങ്ങളിൽ പുതിയ പരീക്ഷണങ്ങൾ നടത്തി വിമർശനം ഏറ്റുവാങ്ങാറുള്ള ടെലിവിഷൻ അവതാരകയും മോഡലുമാണ് കിം കർദാഷിയാൻ. റാംപില്‍ തിളങ്ങാറുള്ള താരത്തിന്‍റെ പല ഫാഷന്‍ പരീക്ഷണങ്ങളും അതിരു കടക്കാറുണ്ടെന്നും വിമർശകർ പറയാറുണ്ട്. ഇപ്പോഴിതാ കിമ്മിന്‍റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.

ഹാലോവിന്‍ ആഘോഷത്തിന്‍റെ ഭാഗമായി മാര്‍വല്‍ കോമിക്സിലെ കഥാപാത്രമായ മസ്റ്റിക്കിന്‍റെ വേഷത്തിലെത്തിയ കിമ്മിന്‍റെ ചിത്രങ്ങളാണ് വൈറലാകുന്നത്. മുഖത്ത് നീല പെയിന്‍റ് അടിച്ച്, തലമുടി ചുവപ്പിച്ച്, കണ്ണില്‍ മഞ്ഞ ലെന്‍സും വച്ച് മസ്റ്റിക്ക് ആയി കിം മാറുകയായിരുന്നു. ഇതോടെ ഹാലോവിന്‍ ലുക്കിലും കിം വേറിട്ടു നിന്നു. പ്രത്യേകമായി തയാറാക്കിയ നീല ബോഡി സ്യൂട്ട് ആണ് താരം ധരിച്ചത്. കഥാപാത്രത്തിന് സമാനമായി ഡീറ്റൈലിങ് ഈ സ്യൂട്ടിലുണ്ട്.

ഈ കോസ്റ്റ്യുമിലുള്ള ഏതാനും ചിത്രങ്ങള്‍ കിം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. സംഭവം വൈറലായതോടെ കമന്‍റുകളുമായി ആരാധകരും രംഗത്തെത്തി. അടുത്ത എക്സ് മെന്‍ സിനിമയില്‍ കിമ്മിനെ മസ്റ്റീക്ക് ആക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. അടുത്തിടെ മിലൻ ഫാഷൻ വീക്കിൽ പങ്കെടുക്കാൻ എത്തിയ കിമ്മിന്‍റെ ചിത്രങ്ങളും വൈറലായിരുന്നു. കാലിനോട് ചേർന്ന് ഇറുകി കിടക്കുന്ന വസ്ത്രം മൂലം പടികൾ നടന്നു കയറാനാവാതെ ചാടിക്കയറുന്ന കിമ്മിന്‍റെ ദൃശ്യങ്ങളാണ് വൈറലായത്.