ദിലീപും മഞ്ജു വാര്യറും തന്നെ വിളിച്ച് സംസാരിച്ചു ;സിബി മലയിൽ
രഞ്ജിത്ത് തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത ഉസ്താദ് മലയാളികളുടെ പ്രിയ ആക്ഷൻ ത്രില്ലറുകളിൽ ഒന്നാണ്. മോഹൻലാൽ, ദിവ്യ ഉണ്ണി, ഇന്ദ്രജ ഉൾപ്പെടെ വൻതാരനിരയാണ് സിനിമയിൽ വേഷമിട്ടത്. ആക്ഷൻ ത്രില്ലറാണെങ്കിലും മോഹൻലാൽ-ദിവ്യാ ഉണ്ണി എന്നിവരുടെ സഹോദരി-സഹോദരൻ കോമ്പിനേഷൻ സീനുകൾ ഏറെ സ്വീകരിക്കപ്പെട്ടു. പക്ഷേ യഥാർത്ഥത്തിൽ ദിവ്യാ ഉണ്ണിക്ക് പകരം മറ്റൊരു താരത്തെയാണ് സിബി മലയിൽ നിശ്ചയിച്ചിരുന്നത്.
മോഹൻലാലിന്റെ സഹോദരിയായ പത്മജ എന്ന വേഷം മഞ്ജു വാര്യറിനാണ് ആദ്യം നൽകിയിരുന്നത്. മഞ്ജു വാര്യറുമായി ഇക്കാര്യം സംസാരിച്ചിരുന്നതുമാണ്. അങ്ങനെ ‘അയാൾ കഥയെഴുതുകയാണ് ‘ എന്ന സിനിമയുടെ ചിത്രീകരണത്തിനായി മോഹൻലാൽ ദുബായിൽ ഉണ്ടായിരുന്നപ്പോൾ തന്നെ സിബി മലയിലും സംഘവും അവിടേക്ക് പറന്ന് ഉസ്താദിന്റെ ക്ലൈമാക്‌സ് സീൻ ഷൂട്ട് ചെയ്തു തുടങ്ങി. അതിനിടെയാണ് ദിലീപും മഞ്ജു വാര്യറും വിവാഹിതരാകുന്നത്.
ദുബായിലെ ഷൂട്ട് കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയപ്പോൾ ദിലീപും മഞ്ജു വാര്യറും തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചുവെന്നും സിബി മലയിൽ പറഞ്ഞു. പിന്നീടാണ് ഉസ്താദിലെ പരമേശ്വരന്റെ പ്രിയ സഹോദരി ‘പപ്പ’യായി ദിവ്യാ ഉണ്ണിയെ ക്ഷണിക്കുന്നത്.