ജംഷദ് ജെ ഇറാനി അന്തരിച്ചു
ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന ജംഷദ് ജെ ഇറാനി (86) തിങ്കളാഴ്‌ച ജംഷഡ്‌പൂരിൽ അന്തരിച്ചു. ഇറാനിയുടെ വിയോഗത്തിൽ ടാറ്റ സ്‌റ്റീൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. “ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന പത്മഭൂഷൺ ഡോ. ജംഷഡ് ജെ ഇറാനിയുടെ വിയോഗത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ടാറ്റ സ്‌റ്റീൽ കുടുംബം അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തുന്നു” ടാറ്റ സ്‌റ്റീൽ ട്വിറ്ററിൽ കുറിച്ചു.
1963ൽ പഠനശേഷം അദ്ദേഹം ഷെഫീൽഡിലെ ബ്രിട്ടീഷ് അയൺ ആൻഡ് സ്‌റ്റീൽ റിസർച്ച് അസോസിയേഷനിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് 1968ൽ ടാറ്റ സ്‌റ്റീലിൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ ചുമതലയുള്ള ഡയറക്‌ടറുടെ അസിസ്‌റ്റന്റായി ജോലിയിൽ പ്രവേശിച്ചു.
1981ൽ ടാറ്റ സ്‌റ്റീൽ ബോർഡിൽ ചേർന്ന അദ്ദേഹം 2001 മുതൽ ഒരു ദശാബ്‌ദക്കാലം നോൺ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കൂടിയായിരുന്നു. ടാറ്റ സ്‌റ്റീലിനും ടാറ്റ സൺസിനും പുറമെ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ ടെലിസർവീസസ് എന്നിവയുൾപ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഡയറക്‌ടറായും ഡോ. ഇറാനി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.