ഇന്ന് ലോക സോറിയാസിസ് ദിനം
ദീർഘകാലം നീണ്ടുനിൽക്കുന്ന ത്വക്ക് രോഗമാണ് സോറിയാസിസ്. ശരീരഭാഗങ്ങളിൽ നിറങ്ങളോടെ ത്വക്ക് കട്ടിവെക്കുന്ന അസുഖമാണിത്. സ്ത്രീപുരുഷ ഭേദമന്യേ അമ്പതിലൊരാൾക്ക് രോഗം കാണാറുണ്ട്. വിവിധതരം സോറിയാസിസുകളുണ്ട്. കൈ, കാൽപാദം, നഖം, തല എന്നിവിടങ്ങളിൽ ഇവ കണ്ടുവരുന്നു. ചുവന്നതോ കറുത്തതോ ആയ കട്ടിയുള്ള പാടുകൾ കൈ, കാൽമുട്ടുകൾ, തല, മുതുക് എന്നിവിടങ്ങളിൽ ഈ അസുഖത്തിന്റെ ഭാഗമായി രൂപപ്പെടും. ചിലർക്ക് ദേഹത്ത് മുഴുവൻ വന്നേക്കാം. ചിലർക്ക് ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. വ്യക്തികളുടെ പാരമ്പര്യവും ചുറ്റുപാടുകളും സോറിയാസിസിന് കാരണമാകാറുണ്ട്. രോഗം പകരില്ല. സോറിയാസിസ് ചിലരിൽ മാനസിക സമ്മർദ്ദം കൂടാൻ കാരണമാകാറുണ്ട്. ഇത് അസുഖം വർധിപ്പിക്കും. രോഗസംശയം തോന്നിയാൽ ഉടൻ ഡോക്ടറെ സമീപിക്കുകയും ചികിത്സ ആരംഭിക്കുകയും വേണം.
തണുപ്പുള്ള കാലാവസ്ഥയിൽ സോറിയാസിസ് തീവ്രത കൂടുന്നതായി തെളിഞ്ഞിട്ടുണ്ട്. അണുബാധ, മാനസിക സമ്മർദം, അമിത മദ്യപാനം, സിഗരറ്റ് ഉപയോഗം, മറ്റു മരുന്നുകളുടെ പാർശ്വഫലം, അമിതവണ്ണം എന്നിവ സോറിയാസിസിന് കാരണമാകാം. സൂക്ഷ്മതയോടെ ഭക്ഷണം തിരഞ്ഞെടുക്കാം ദിവസവും ഒരു മുട്ട ശീലമാക്കുക, ദിവസം മൂന്നു ലിറ്റർ വെള്ളം കുടിക്കുക, മീൻ ധാരാളമായി കഴിക്കുക, കാരറ്റ് കഴിക്കുക, നാരുള്ള ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുക, ബീൻസ്, ഉരുളക്കിഴങ്ങ്, പരിപ്പ്, കശുവണ്ടി, നിലക്കടല, ബദാം, ആപ്പിൾ, ബ്ലൂബെറി, ഓട്സ്, പഴം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.