സംഘടന വിഷയങ്ങളില്‍ നിന്ന് രാഹുല്‍ ഗാന്ധി വിട്ടുനിൽക്കുന്നു
മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ അദ്ധ്യക്ഷൻ ആയതോടെ സംഘടന വിഷയങ്ങളില്‍ നിന്നകന്ന് രാഹുല്‍ ഗാന്ധി. കൂടിക്കാഴ്ചക്കുള്ള രാജസ്ഥാന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുടെ ക്ഷണം രാഹുല്‍ തള്ളി. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളില്‍ നിന്നും വിട്ടു നിന്നു. സംഘടന കാര്യങ്ങളില്‍ അധ്യക്ഷന് പൂര്‍ണ്ണ ചുമതലയെന്നാണ് രാഹുലിന്‍റെ നിലപാട്. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ അദ്ധ്യക്ഷനായെങ്കിലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഗാന്ധി കുടുംബത്തിലായിരിക്കുമെന്ന ആക്ഷേപത്തെ മറികടക്കാനാണ് തന്‍റെ റോള്‍ ഖര്‍ഗെ നിശ്ചയിക്കുമെന്ന് രാഹുല്‍ ഗാന്ധി ഒരു മുഴം മുന്‍പേ എറിഞ്ഞത്. ഖര്‍ഗെ ചുമതലയേറ്റെ ശേഷവും ചില നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങള്‍ സംഘടന വിഷയങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും മാറി നില്‍ക്കാന്‍ രാഹുലിനെ പ്രേരിപ്പിക്കുകയാണ്.
മോദിക്ക് എതിരാളി രാഹുല്‍ മാത്രമാണെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ പ്രതികരണവും, രാഹുലാണ് നേതാവെന്ന സിദ്ദരാമയ്യയുടെ ഒളിയമ്പും പാര്‍ട്ടിക്കുള്ളില്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. സച്ചിന്‍ പൈലറ്റുമായുള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ അശോക് ഗെഹ്ലോട്ടും, ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദേവ് ഉയര്‍ത്തുന്ന വെല്ലുവിളി ബോധ്യപ്പെടുത്താന്‍ ഭൂപേഷ് ബാഗലേും രാഹുലിനോട് സമയം ചോദിച്ചിരുന്നു.എന്നാല്‍ ഖര്‍ഗയോട് സംസാരിക്കാനാണ് രാഹുല്‍ നിര്‍ദ്ദേശിച്ചത്.